
കല്ലമ്പലം: പ്ലാറ്റിനം ജൂബിലി നിറവിലുള്ള മാവിൻമൂട് നവോദയം ഗ്രന്ഥശാലയ്ക്ക് പുതിയ മന്ദിരം.ജീർണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രന്ഥശാലയുടെ ജീർണാവസ്ഥയെക്കുറിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. തുടർന്നാണ് അധികൃതർ ഇടപ്പെട്ട് കെട്ടിടനിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചത്.
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപയാണ് മന്ദിര നിർമ്മാണത്തിനായി അനുവദിച്ചത്.ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.2024-25 സാമ്പത്തികവർഷത്തിൽ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കുമെന്ന് ജില്ലാപഞ്ചായത്തംഗം വി.പ്രിയദർശിനി പറഞ്ഞു.കൂടാതെ എ.എ.റഹീം എം.പിയുടെ വികസന ഫണ്ടിൽ നിന്ന് സഹായം തേടിയിട്ടുണ്ട്.
ഗ്രന്ഥശാല പ്രസിഡന്റ് എൻ.രവീന്ദ്രൻ,സെക്രട്ടറി ബി.രാജലാൽ,ഭരണസമിതി അംഗങ്ങളായ ശശി മാവിൻമൂട്,വി.പ്രശോകൻ,കെ.ഗോപിനാഥൻപിള്ള,പി.സന്ധ്യ,എൻ.ജയപ്രകാശ്,എ.വിജയകുമാർ,ശ്രീനാഥ്,സുരേഷ് കുമാർ,ജ്യോതിലാൽ എന്നിവരുടെ ശ്രമഫലമായാണ് പുതിയ കെട്ടിട നിർമ്മാണത്തിനു വഴിയൊരുങ്ങിയത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിനാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്.താഴെ വായനശാല,ഒന്നാംനിലയിൽ ഗ്രന്ഥശാല,രണ്ടാംനിലയിൽ കോൺഫറൻസ് ഹാൾ എന്നിവയുണ്ട്.പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗ്രന്ഥശാലയുടെ പ്രവർത്തനം താത്കാലികമായി ചെമ്മരുതി സഹകരണബാങ്കിന്റെ മാവിൻമുട് ശാഖാമന്ദിരത്തിലെ മുറിയിലേക്ക് മാറ്റി.