
തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാദ്ധ്യതയുള്ള മേഖലകൾ കണ്ടെത്തുന്നതിനുമായി തമിഴ്നാട് പ്രവാസി ക്ഷേമബോർഡ് കമ്മിഷണർ ബി. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രതിനിധി സംഘം നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ അജിത് കോളശേരി എന്നിവരുമായി സംഘം ചർച്ച നടത്തി. പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കുന്നതിനും ചർച്ചയിൽ ധാരണയായി. നോർക്ക പ്രോജക്ട് മാനേജർ ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തമിഴ്നാട് പ്രവാസി ക്ഷേമ ബോർഡിനെ പ്രതിനിധീകരിച്ച് ബോർഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയൽ, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.