kotta-adi-

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. നിത്യവും രാവിലെയും വൈകിട്ടും സ്റ്റാൻഡിനുള്ളിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ടാക്രമിക്കുന്നത് പതിവാണ്. പലപ്പോഴും ചിലർക്ക് ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. പരിസരത്തെ കടകൾക്കു നേരെയും വിദ്യാർത്ഥികൾ ആക്രമണം അഴിച്ചുവിടാറുണ്ട്. കൂട്ടയടി യഥാസമയം പൊലീസിനെ അറിയിച്ചാലും ദേശീയപാതയിലെ ഡിവൈഡറുകൾ മുറിച്ച് പൊലീസ് ജീപ്പ് സ്റ്റാൻഡിലെത്തുമ്പോൾ അക്രമിസംഘങ്ങൾ സ്ഥലം വിട്ടിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ മറ്റിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആറ്റിങ്ങലിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താറുണ്ട്. ഇത്തരക്കാരും ആക്രമണം നടത്തുന്നു. പരിക്കുപറ്റിയ വിദ്യാർത്ഥികളെ പലപ്പോഴും കടക്കാരാണ് ആശുപത്രിയിലെത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവരും മയക്കുമരുന്നിന് അടിമകളായവരുമായ നിരവധി പേർ സ്റ്റാൻഡിനുള്ളിൽ കറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ സ്റ്റാൻഡിൽ നിന്നും പൂർണമായും ഒഴിവാക്കാൻ ഇവിടെ സ്ഥിരം പൊലീസ് സംവിധാനവും സി.സി.ടിവി ക്യാമറകളും വേണ്ടത്ര ലൈറ്റുകളും വേണമെന്ന ആവശ്യവും ശക്തമാണ്. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിലും അമിത വേഗത നിയന്ത്രിക്കുന്നതിനും പൊലീസിന്റെ സേവനം അനിവാര്യമാണ്. കഴിഞ്ഞ ദിവസം വർക്കല സ്വദേശിനിയുടെ രണ്ട് കാലുകളിൽ കൂടി ബസ് കയറിയിറങ്ങിയ സംഭവവും ഉണ്ടായി.

നഗരസഭയുടെ അനുമതി തേടി

ആറ്റിങ്ങൽ പൊലീസ് എസ്.എച്ച്.ഒ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് തുടങ്ങുന്നതിന് നഗരസഭയുടെ അനുമതി തേടിയിരുന്നു. സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിലോ പുറത്തോ എയ്ഡ് പോസ്റ്റ് തുടങ്ങാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാവിലെ മുതൽ വൈകിട്ടുവരെ പൊലീസിന്റെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ചില സമയങ്ങളിൽ പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻഡ് പരിസരത്ത് ഉണ്ടെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.