തിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡ് – വെഞ്ഞാറമൂട് റോഡിന്റെ വലതുവശത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം നൽകുകയും ഇടതുവശത്ത് താമസിക്കുന്നവർക്ക് നിഷേധിക്കുകയും ചെയ്യുന്നെന്ന പരാതി പരിഹരിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ വാട്ടർ അതോറിട്ടിക്ക് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശം. പ്രദേശവാസി ശ്രീകുമാരി നൽകിയ പരാതിയിലാണ് നടപടി. റോഡിന്റെ വലതുഭാഗത്ത് മാവിൻമൂട് പുന്നാട്ട് തമ്പുരാൻ ക്ഷേത്രത്തിന്റെ ആർച്ചുവരെ വെള്ളം ലഭ്യമാണെന്നും പൈപ്പ്ലൈൻ ഇടതുഭാഗത്തേക്ക് നീട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ജലഅതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിച്ച് നിലവിലുള്ള പൈപ്പ്ലൈൻ നീട്ടിയാൽ പ്രശ്നം പരിഹരിക്കാമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണം. അമൃത് പദ്ധതി പ്രകാരം ചന്തവിള കാട്ടായിക്കോണം പൈപ്പ്ലൈൻ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായോയെന്ന് വ്യക്തമാക്കണം. കരാറുകാരൻ കരാർ ഒപ്പിട്ടെങ്കിൽ അക്കാര്യവും പണിയെന്ന് പൂർത്തിയാകുമെന്ന വിവരവും റിപ്പോർട്ടിലുണ്ടാകണം. 8ന് നടക്കുന്ന അടുത്ത സിറ്റിംഗിൽ എക്സിക്യുട്ടീവ് എൻജിനിയർ നിയോഗിക്കുന്ന ഒരു സീനിയർ എൻജിനിയർ ഹാജരാകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.