
പാറശാല: നിറയെ കുഴികൾ, മഴ പെയ്താൽ വെള്ളക്കെട്ടും...ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വട്ടവിള,ചെങ്കൽ മേഖലകളിലുള്ളവർക്ക് റോഡ് എന്നു പറഞ്ഞാൽ ഇതാണ്.ഉദിയൻകുളങ്ങര നിന്നാരംഭിക്കുന്ന വട്ടവിള - ചെങ്കൽ റോഡിലെ അപകടക്കുഴികൾ താണ്ടിയുള്ള ദുരിതയാത്ര പ്രദേശവാസികളുടെ നടുവൊടിക്കുകയാണ്.
റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വലിയവിള ജംഗ്ഷനിൽ റോഡിന് ഇരുവശത്തുമായി നിർമ്മിച്ച ഓടയുടെ നിർമ്മാണം ഇരട്ടി ദുരിതമായി.കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്.അധികൃതരോട് പരാതി പറഞ്ഞ് മടുത്തെന്നും നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
കണ്ണടച്ച് അധികൃതർ
ഉദിയൻകുളങ്ങരയിൽ നിന്ന് റോഡ് ആരംഭിക്കുന്ന പത്ത് മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്ത് നേരെയാക്കിയിട്ടുണ്ടെങ്കിലും വട്ടവിള,ചെങ്കൽ ജംഗ്‌ഷനുകൾ വരെയുള്ള രണ്ട് കിലോമീറ്ററോളം വരുന്ന ദൂരമാണ് അപകടക്കെണിയായിരിക്കുന്നത്. വലിയവിള ജംഗ്‌ഷനും വട്ടവിള ജംഗ്‌ഷനുമാണ് കൂടുതൽ അപകടകരം. മേഖലയിൽ അപകടങ്ങളും ഗതാഗതതടസങ്ങളും പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തകർന്നു കിടക്കുന്നത് - രണ്ട് കിലോമീറ്ററോളം ഭാഗത്തെ റോഡ്
ദുരിതം തുടങ്ങിയിട്ട് - രണ്ട് വർഷം
കാരണങ്ങൾ
1) ഉദിയൻകുളങ്ങരയ്ക്ക് സമീപം വലിയവിള ജംഗ്ഷനിൽ റോഡിന് കുറുകെ ഓട നിർമ്മിക്കുന്നതിനായി വെട്ടിപ്പൊളിച്ചിട്ട് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാതെ കോൺട്രാക്ടർ സ്ഥലംവിട്ടു
2) ജലജീവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന് ഇരുവശത്തും വെട്ടിപ്പൊളിച്ച അപകടക്കുഴികൾ മൂടിയിട്ടില്ല
3) വട്ടവിള ജംഗ്‌ഷനു സമീപം ഓടകൾ സ്ഥാപിക്കാത്തതിനാൽ മഴക്കാലങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടാകും.
4)അമരവിള ആർ.ടി.ഒ ചെക്ക്പോസ്റ്റ് മറികടക്കാനായി അമിതഭാരം കയറ്റിയ ചരക്കുവാഹനങ്ങളുടെ നിരന്തര സഞ്ചാരം
5) റോഡ് പുനരുദ്ധാരണത്തിന്റെ പേരിലുള്ള അശാസ്ത്രീയവും തട്ടിക്കൂട്ടുപരവുമായ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളും ദുരിതത്തിൽ
രണ്ട് സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് പുറമെ സ്റ്റേറ്റ് സിലബസിലുള്ള ഒരു സ്കൂളും പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.അതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിനവും ഇതുവഴി കടന്നുപോകുന്നത്.ഇതുവഴിയുള്ള സ്കൂൾ ബസുകളുടെ യാത്ര ദുരിതമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.