തിരുവനന്തപുരം: ജില്ലാതല പട്ടയമേള നാളെ ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും.മന്ത്രിമാരായ കെ. രാജൻ,വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ ചേർന്ന് പട്ടയങ്ങൾ വിതരണം ചെയ്യും.സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിലൂന്നിക്കൊണ്ട് 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. 44 എൽ.എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽ.ടി പട്ടയങ്ങളും 21 പോക്കുവരവ് പട്ടയങ്ങളും നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയും ഉൾപ്പെടെയുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണത്തിന് തയാറായിട്ടുള്ളത്.