
മോഹൻലാലുമായുള്ള ദീർഘ സംഭാഷണത്തിന്റെ നാലാം ഭാഗമാണ് ചുവടെ:
പൃഥ്വിരാജിന്റെ ചിത്രമായിരുന്നു ലൂസിഫർ. ഇനി എല്ലാവരും കാത്തിരിക്കുന്നത് എമ്പുരാനാണ്. പൃഥ്വിയുടെ സംവിധാനത്തിൽ അഭിനയിക്കുമ്പോൾ, എങ്ങനെയാണ്?
അദ്ദേഹം സിനിമയെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ്. അദ്ദേഹം തന്നെ എല്ലാം നരേറ്റ് ചെയ്യും .അത്തരം സിനിമകൾ എടുക്കാൻ നല്ല പ്രയാസമാണ്. ഇപ്പോൾ എമ്പുരാൻ ഷൂട്ടിംഗ് നടന്നുവരികയാണ്.
ഷൂട്ടിംഗ് തീർന്നില്ലേ?
ഇല്ല. ഗുജറാത്തിൽ ആയിരുന്നു . അവിടെ ഭയങ്കര മഴ കാരണം ഷൂട്ടിംഗ് തത്ക്കാലം നിറുത്തേണ്ടിവന്നു. ഒരു പാലസ് അതിന്റെ കൂടെ സെറ്റൊക്കെയിട്ട് 250 ഓളം ആൾക്കാർ. 12 ദിവസത്തെ ഷൂട്ട്. ഫ്ളാഷ്ബാക്കും പ്രസന്റുമാണ് എടുക്കേണ്ടിയിരുന്നത്. മഴ കാരണം നിറുത്തിവെക്കേണ്ടിവന്നു. വീണ്ടും തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ ലെ-ലെഡാക്കിലാണ് തുടങ്ങിയത്. പിന്നെ യു.കെയിൽ ഷൂട്ട് ചെയ്തു. അമേരിക്കയിൽ, കേരളത്തിൽ ഷൂട്ട് ചെയ്തു. ഇനി ബോംബെ, ഹൈദരാബാദ്, ഗുജറാത്ത്, ദുബായിലൊക്കെ ഷൂട്ട് ചെയ്യേണ്ടതുണ്ട്. വലിയൊരു സിനിമയാണ്.
ഇപ്പോഴും മലയാള സിനിമ മമ്മൂട്ടി - മോഹൻലാൽ അല്ലെങ്കിൽ മോഹൻലാൽ - മമ്മൂട്ടി എന്നാണ് . പുതിയ തലമുറയിൽ ഒരുപാട് അഭിനേതാക്കൾ വന്നിട്ടുണ്ട്. അവരെ എങ്ങനെയാണ് കാണുന്നത്?
അവരുടെ അഭിനയം മികച്ചതാണ്. ബ്രില്യന്റ് ആക്ടേഴ്സ് ഒരുപാടു പേരുണ്ട്. എനിക്കും മമ്മൂക്കയ്ക്കും ഒക്കെ കിട്ടിയ ഒരു ഭാഗ്യം എന്നു പറയുന്നത് നല്ല കഥകളും നല്ല സ്ക്രിപ്റ്റുകളുമാണ്. അതേപോലുള്ള കഥാപാത്രങ്ങളെ അവർക്കും കിട്ടണം. ഒരു ആക്ടറുടെ ഏറ്റവും വലിയ ഭാഗ്യം അതാണല്ലോ. ഞാൻ സിനിമയിൽ വരുന്ന സമയത്ത് അരവിന്ദേട്ടൻ, ഭരതേട്ടൻ, പപ്പേട്ടൻ എന്നിവരുടെ പടവും ശശികുമാർ സാർ, അല്ലെങ്കിൽ സത്യൻ അന്തിക്കാട് അടക്കം ഒരുപാടു പേരുടെ സിനിമകൾ ചെയ്യാൻ പറ്റി. ഒരു ആക്ടറിന് നല്ല റോൾ കിട്ടുക എന്നത് വളരെ പ്രധാനമാണ്. ഇപ്പോൾ വാനപ്രസ്ഥം. നാളെ രാവിലെ ഒരാൾ എനിക്കൊരു കഥകളി വേഷം ചെയ്യണം എന്നു പറഞ്ഞാൽ നടക്കില്ലല്ലോ. അതിനൊരു കഥ ഉണ്ടാകണം. അങ്ങനെ പല ഘടകങ്ങൾ ചേർന്നു വരണം. ഇരുവർ എന്ന സിനിമ. അങ്ങനെ എത്രയോ സിനിമകൾ. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ ഭാഗ്യമാണ്.
കഴിഞ്ഞ ഒരു പത്തുവർഷക്കാലത്ത് ഒരുപാട് സംവിധായകരും തിരക്കഥാകൃത്തുക്കളുംവന്നു. ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ അങ്ങനെ പലരും. അവർക്കിപ്പോഴും താങ്കൾ അപ്രാപ്യമാണോ?
ഒരിക്കലുമല്ല. അവരൊന്നും ഒരു കഥയുമായിട്ട് അങ്ങനെ വന്നിട്ടില്ല. ചിലർ വന്നിട്ടുണ്ട്. എന്റെ തന്നെ മുൻ സിനിമകളുടെ ഇൻഫ്ളുവൻസിലാണ് വരുന്നത്. അത് ബ്രേക്ക് ചെയ്ത് ഒരു കഥയുമായി ആരും വന്നിട്ടില്ല. ഇപ്പോൾ ഞാൻ ചെയ്യുന്നത് തരുൺമൂർത്തിയുടെ സിനിമയാണ്. എട്ടുവർഷമെടുത്തു ഞങ്ങളാ സിനിമ ചെയ്യുവാൻ.കഥ മാറിമാറി ചർച്ച ചെയ്തു . അവസാനം തീരുമാനിച്ചു. വളരെ ഡിഫറന്റായിട്ടുള്ള ഒരു സിനിമയായിരിക്കും .പലരും എന്നോടു പറഞ്ഞിട്ടുള്ള കഥകൾ മോഹൻലാലിനു വേണ്ടിയിട്ടുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം. അത്തരം കഥകളിൽ പല സിനിമകളുടെയും ഇൻഫ്ളുവൻസ് വരും.
നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുകയാണോ?
എന്താ സംശയം. നല്ല കഥയാണെങ്കിൽ അവരൊക്കെയുമായി സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്. എത്രയോ കഥകൾ ഞാൻ കേൾക്കുന്നുണ്ട്. ആൾക്കാർ പറയും അപ്രാപ്യമാണെന്ന്. അങ്ങനെ ഒരിക്കലും ഇല്ല. നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു കഥ വേണ്ടെ.
അരവിന്ദന്റെ സിനിമ ചെയ്തു .പക്ഷേഅടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ വന്നില്ല?
അദ്ദേഹം എന്നെ ഒരു സിനിമയിൽ വിളിച്ചതാണ്. കഥാപാത്രത്തിന്റെ കാര്യങ്ങളൊക്കെ പറയുകയും ചെയ്തു. പക്ഷേ ആ സിനിമ തുടങ്ങുന്ന സമയത്ത് എന്റെ പരദേശി എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു. അതിൽ നിന്നു വിട്ടുമാറി വരാൻ എനിക്കു കഴിയാതെ ആയിപ്പോയി. അതിന്റെ ഒരു മേക്കപ്പും കാര്യങ്ങളും അങ്ങനെയായിരുന്നു. എല്ലാവരുടെയും സിനിമയിൽ അഭിനയിക്കണം എന്നൊന്നുമില്ല. എനിക്കൊരു ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കും. അത്രയേ ഉള്ളു. അല്ലാതെ ഇന്നയാളിന്റെ സിനിമയിൽ അഭിനയിക്കണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുകയുമില്ല.
ചില വ്യക്തികൾ . ആ പേരു പറയുമ്പോൾ മനസിൽ വരുന്ന ചിന്ത? ആദ്യം അശോക്കുമാർ. തിരനോട്ടത്തിന്റെ സംവിധായകൻ ആയിരുന്നു.?
അദ്ദേഹമില്ലെങ്കിൽ ഞാൻ ഇവിടെയിരുന്ന് അങ്ങയോട് സംസാരിക്കില്ലായിരുന്നല്ലോ. തിരനോട്ടം എന്ന സിനിമയിലൂടെയാണല്ലോ ഞാൻ വരുന്നത്.എത്രയോ വർഷത്തെ ബന്ധമാണ്. പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് അങ്ങനെ ഒരു സിനിമ എടുക്കാൻ ആരും തയ്യാറാകില്ല. അശോക് തയ്യാറായി. രാജീവ്നാഥ് അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ്.അശോക്കുമാറിന് സിനിമയെക്കുറിച്ചൊന്നും ആ സമയത്ത് ആധികാരികമായി ഒന്നും അറിയില്ലായിരുന്നു . അദ്ദേഹത്തിന്റെ കൂടെ നമ്മൾ സഞ്ചരിച്ചുവെന്നതാണ്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. അശോകുമായി ഇപ്പോഴും മിക്ക ദിവസവും സംസാരിക്കും. അദ്ദേഹം സിനിമയിൽ നിന്നൊക്കെ മാറി ബിസിനസും കാര്യങ്ങളും ഒക്കെയാണ്.
പ്രിയദർശൻ?
പ്രിയദർശൻ എന്നിലൂടെയാണ് സിനിമയിലേക്കു വരുന്നത്. തിരനോട്ടത്തിൽ വന്നു. നവോദയയിലേക്കു പിന്നീട് ഞാനാണ് കൊണ്ടുപോകുന്നത്.
അതു വലിയ കൂട്ടുകെട്ടായി മാറി.?
അതെ. അദ്ദേഹത്തിന്റെ ആദ്യ സിനിമ പൂച്ചയ്ക്ക് ഒരു മൂക്കുത്തിയാണ്. പ്രിയദർശൻ ഒരു മൂന്നു സിനിമ കൂടി ചെയ്താൽ നൂറു സിനിമയാകും. നൂറാമത്തെ സിനിമയിൽ ഞാൻ അഭിനയിക്കണം എന്നു പറഞ്ഞിരിക്കുകയാണ്. വളരെ അപൂർവ്വം ആയിട്ടുള്ള കാര്യമാണത്. 100 സിനിമകൾ ചെയ്യുക എന്നു പറയുന്നതു തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ ആ നായകൻ തന്നെ നൂറാമത്തെ സിനിമയിൽ അഭിനയിക്കുകയെന്നത് മലയാളത്തിൽ മാത്രമേ സംഭവിക്കുകയുള്ളു. മലയാളത്തിന്റെ ഹിസ്റ്ററി എടുത്തു നോക്കിയാൽ രണ്ടായിരവും മൂവായിരവും സിനിമ ചെയ്തവരുണ്ട്. സുകുമാരിചേച്ചി ഒക്കെ എത്ര സിനിമ ചെയ്തെന്ന് അറിയില്ല. അങ്ങനെയുള്ള ക്യാമറാമാൻമാരുണ്ട് സംവിധായകരുണ്ട്.
തമ്പി കണ്ണന്താനം?
നമ്മൾ ഒരു സ്റ്റാർ എന്നൊക്കെ പ്രേക്ഷ കർ ചിന്തിച്ചത് അദ്ദേഹം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ്. അതിനുമുമ്പ് ശശികുമാർ സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അങ്ങനെ അടുപ്പമുണ്ട്. മദ്രാസിലെ മോൻ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമ്പിയുടെ ആ സിനിമയിൽ വേറൊരാൾക്കു വേണ്ടി എഴുതിയ ആ റോൾ എനിക്കായി, എന്നെത്തന്നെ വേണം എന്നു പറഞ്ഞ് നിശ്ചയിക്കുന്നു. ഇതൊക്കെ സംഭവിക്കുന്നതാണ്.
ശശികുമാർ?
വലിയ സ്നേഹമുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ എത്ര സിനിമകളാണ് ഞാൻ ചെയ്തത്.
സത്യൻ അന്തിക്കാട്. ആദ്യമായി സംസ്ഥാന അവാർഡ് അദ്ദേഹത്തിന്റെ ടി.പി. ബാലഗോപാലൻ എം.എയിലായിരുന്നല്ലോ?
40 വർഷങ്ങൾക്കുമുമ്പ് സത്യേട്ടന്റെ ആദ്യത്തെ പടം കുറുക്കന്റെ കല്യാണം. അതിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇനി ഞങ്ങൾ ചെയ്യാൻ പോകുന്ന ചിത്രം ഹൃദയപൂർവ്വം ആണ്. ഈ നാൽപ്പതു വർഷവും എത്രയോ നല്ല സിനിമകൾ ചെയ്തു. ജീവിതത്തിൽ എന്റെ ഒരു ജ്യേഷ്ഠന്റെ സ്ഥാനമുള്ളയാണ് സത്യൻ അന്തിക്കാട്.
സിബി മലയിൽ?
ആദ്യം എന്നെ സിനിമയിൽ വേണ്ടായെന്ന് പറഞ്ഞയാളാണ്. (മോഹൻലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് തിരഞ്ഞെടുക്കുന്ന സംഘത്തിൽ അംഗം ആയിരുന്നു സിബി മലയിൽ. ആ കൂട്ടത്തിൽ ഏറ്റവും കുറച്ച് മാർക്കിട്ടത് സിബി മലയിൽ ആയിരുന്നു.)
എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലാണ് എനിക്ക് 2 നാഷണൽ അവാർഡുകൾ ലഭിച്ചത്. ദേവദൂതൻ എന്ന സിനിമ തന്നെ ക്രാഫ്റ്റ് വൈസ് മികച്ച ചിത്രമായിരുന്നു. എന്തുകൊണ്ട് ഓടിയില്ല എന്നു ചോദിച്ചാൽ അറിയില്ല. വളരെ ബ്രില്യന്റായ ഡയറക്ടറാണ്.
പത്മരാജൻ?
കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല,തൂവാനത്തുമ്പികൾ, സീസൺ, എല്ലാ സിനിമകളും മികച്ചതായിരുന്നു. പപ്പേട്ടൻ പൂജപ്പുരയിൽ ഞങ്ങളുടെ വീടിനടുത്തുള്ളയാളാണ്. സിനിമ മാത്രമല്ല വലിയ സൗഹൃദമായിരുന്നു മിക്ക ദിവസവും ഞാൻ ഓർക്കുന്ന ഒരാളാണ് പപ്പേട്ടൻ. എങ്ങനെയെങ്കിലും എവിടെങ്കിലും ഓർക്കും. ഇന്നിപ്പോൾതാങ്കൾ ചോദിച്ചു. ഞാൻ അങ്ങനെ സ്വപ്നമൊന്നും കാണുന്നയാളല്ല എങ്കിലും അദ്ദേഹത്തിനെ വല്ലപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്.
ഭരതൻ?
കാറ്റത്തെ കിളിക്കൂട്, താഴ്വാരം എന്നീ രണ്ട് സിനിമകളെ ഞാൻ ചെയ്തിട്ടുള്ളു. ഇടയ്ക്ക് വേറെയൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാൻ മദ്രാസിൽ പോകുമ്പോൾ അദ്ദേഹത്തെ വീട്ടിൽ പോയി കാണുമായിരുന്നു. വളരെ നല്ല സൗഹൃദത്തിൽ ഉള്ളയാളായിരുന്നു.
കമൽ?
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ മിഴിനീർപ്പൂവുകൾ തുടങ്ങി ഉണ്ണികളെ ഒരു കഥപറയാം, അയാൾ കഥ എഴുതുകയാണ്, ഉള്ളടക്കം. അങ്ങനെ എത്രയെത്ര ചിത്രങ്ങൾ.
ഭദ്രൻ?
ഭദ്രന്റെ ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച ആക്ടർ ഞാനാണ്. സിനിമയുടെ പെർഫക്ഷനുവേണ്ടി നിർദ്ദാക്ഷിണ്യം പെരുമാറുന്നയാളാണ്.ഞാൻ അഭിനയിച്ച അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്തമായ സിനിമകൾ ആയിരുന്നു. അങ്കിൾ ബൺ. ആ വേഷമിട്ടുനടക്കുക ആക്ടറിന് വലിയ സ്ട്രെയിനാണ്. അതിനകത്തുള്ള ചൂട് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ ആശുപത്രിയിലായിപ്പോയി.കൊടൈക്കനാലിലായിരുന്നു ഷൂട്ടിംഗ്. സ്ഫടികം ആയാലും വളരെ പ്രയാസമുള്ള സിനിമകളാണ്. വളരെ കമ്മിറ്റഡായ ഡയറക്ടറാണ്. എന്താണ് വേണ്ടത്. അതുവേണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യും.
ഷാജി എൻ. കരുൺ?
അദ്ദേഹത്തിന്റെ വാനപ്രസ്ഥം. കാൻ ചലച്ചിത്രോത്സവത്തിന്റെ സദസിലേക്ക് ഞാൻ കയറിയത് അദ്ദേഹത്തിന്റെ കൈപിടിച്ചാണ്. വേറെ ആരും അങ്ങനെ പോയിട്ടുണ്ടാവില്ല. അതൊക്കെ ഒരു ഭാഗ്യമാണ്. അങ്ങനെ ഒരു സിനിമ തോന്നിപ്പിക്കുക. നിശബ്ദമായിട്ടാണ് ഷാജി സാർ സംസാരിക്കുന്നത്. അത് കഴിഞ്ഞ് ഒരു സിനിമ കൂടി ചെയ്യാൻ ഞങ്ങൾ ആലോചിച്ചു. പക്ഷേ നടന്നില്ല.
അത് ടി. പത്മനാഭന്റെ കടൽ ആണെന്നു തോന്നുന്നു?
അതെ. പത്മനാഭൻ സാർ കാണുമ്പോൾ അത് എന്തായി എന്നൊക്കെ ചോദിക്കാറുണ്ട്. വാനപ്രസ്ഥത്തെക്കാൾ നല്ലൊരു സിനിമ ചെയ്യണമെന്നൊക്കെ ഷാജിസാർ പറയും. ഇവരൊക്കെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
ബ്ളെസി?
മൂന്ന് ചിത്രങ്ങൾ ഞങ്ങൾ തമ്മിൽ ചെയ്തു. എനിക്ക് ലഭിച്ച മികച്ച മൂന്ന് കഥാപാത്രങ്ങളാണ് ഓരോന്നും. തന്മാത്ര, പ്രണയം, ഭ്രമരം. ബ്ളെസിക്ക് ഗിന്നസ് റെക്കോഡ് കിട്ടിയല്ലോ. മാർത്തോമ്മാ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റത്തെ കുറിച്ചുള്ള ചിത്രം. അതിന്റെ ഭാഗമാകാനും എനിക്ക് അവസരം ലഭിച്ചു. ഞാനാണ് അതിന് ശബ്ദം നൽകിയത്. എനിക്കുമൊരു സർട്ടിഫിക്കറ്റ് കിട്ടി .
ജീത്തു ജോസഫ്?
കൊവിഡ് സമയത്തുതന്നെ മലയാള സിനിമയെ ഇന്ത്യ മുഴുവൻ എത്തിച്ച സംവിധായകനാണ്. ദൃശ്യം എല്ലാ ഭാഷകളിലേക്കും ആ സിനിമ പോയി. ഒരുപാട് പ്രത്യേകതകൾ ഉള്ള സംവിധായകനാണ്. ചൈനീസ്ഭാഷയിൽ വന്നു. കൊറിയയിൽ ചെയ്യാൻ പോകുന്നു.
സിനിമ ഒരു make- belief ആണ്. ചില പ്രേക്ഷകർ അതിനെ ഉൾക്കൊള്ളുമെന്നും അതിലെ ക്രൈം അനുകരിക്കാൻ നോക്കുമെന്നും വിമർശിക്കാറുണ്ട്?
അത് സിനിമയിലല്ലേ പറ്റുള്ളു. അല്ലെങ്കിൽ പൊലീസ് പിടിക്കില്ലേ. ഇപ്പോൾ ചൈനയിൽ ജോർജ് കുട്ടി പോയി സറണ്ടർ ചെയ്യേണ്ടിവന്നു. അവർ അവിടെ പൊലീസിനെ പറ്റിക്കാൻ അനുവദിക്കില്ല. ആ സിനിമയുടെ ചൈനീസ് ക്ളൈമാക്സിൽ അയാൾ ഞാനാണ് ചെയ്തതെന്ന് സമ്മതിച്ചു. ഭദ്രന്റെ സ്ഫടികം കണ്ടിട്ട് ആൾക്കാർ മുണ്ടഴിച്ചിട്ട് പൊലീസിനെ പിടിച്ചു എന്നൊക്കെ പറയാറുണ്ട്. അവരെ പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകില്ലേ. സിനിമ കണ്ട് സ്വാധീനം ഉണ്ടാകുമെന്നൊക്കെ പറയുന്നത് ശരിയല്ല. അത്യപൂർവ്വമായിട്ടൊക്കെ ഉണ്ടാകാം. ബാങ്ക് റോബറിയിൽ നിന്ന് സിനിമ ഉണ്ടായി എന്നൊക്കെ പറയാറുണ്ട്.
(തുടരും)