
വെഞ്ഞാറമൂട്: കുറ്റിമൂട് സ്നേഹസ്പർശം കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം വയോജനദിനമാഘോഷിച്ച് വെഞ്ഞാറമൂട് പൊലീസ്. പൊലീസും പിങ്ക് പൊലീസും ചേർന്ന് സംഘടിപ്പിച്ച ആഘോഷപരിപാടി വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഏകാന്തതയും ഒറ്റപ്പെടലുമെന്ന ചിന്ത മാറ്റുവാനും മാനസികോല്ലാസ പരിപാടികളിലേർപ്പെട്ട് മുതിർന്നവരെ ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.ഐ അനൂപ് കൃഷ്ണ പറഞ്ഞു. സ്നേഹ സ്പർശത്തിലെ അമ്മമാർക്ക് ചടങ്ങിൽ പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. സബ് ഇൻസ്പെക്ടർ എസ്.എസ്.ഷാൻ,എസ്.ഐമാരായ ഇർഷാദ്, ലീല, സിവിൽ പൊലീസ് ഓഫീസർമാരായ അനുപമ, ഷംല, സ്നേഹസ്പർശം ചെയർമാൻ ജലീൽ, മാനേജിംഗ് ഡയറക്ടർ സുചിത്ര തുടങ്ങിയവർ നേതൃത്വം നൽകി.