
തിരുവനന്തപുരം: ദാർശനികതയ്‌ക്കൊപ്പം സംഗീതത്തിന്റെ സാന്നിദ്ധ്യം ഉൾച്ചേർന്ന കവിതകളാണ് പ്രഭാ വർമ്മയുടേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാനം സമർപ്പിക്കുന്നതിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ലളിതകലാ അക്കാഡമി ഹാളിൽ നടക്കുന്ന 'ദൃശ്യപ്രഭ' ഫോട്ടോപ്രദർശനത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമാനവും ഗൃഹാതുരതയും പരിസ്ഥിതി സ്നേഹവുമടക്കം ഉൾച്ചേർന്നതാണ് പ്രഭാവർമ്മയുടെ രചനകൾ.സരസ്വതി സമ്മാനം ലഭിച്ച 'രൗദ്ര സാത്വികം' എന്ന കൃതിയിൽ അധികാരവും കലയും തമ്മിലുള്ള സംഘർഷമാണ് പ്രമേയം. സംഘർഷഭരിതമായ അധികാരത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ ഇത്തരമൊരു പ്രമേയം നന്നായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സരസ്വതി സമ്മാനത്തിന് പ്രഭാവർമ്മ അർഹനായതിലൂടെ സുഹൃത്തുക്കളായ തങ്ങൾ കൂടിയാണ് സമ്മാനാർഹരായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി.കവി എന്നതിനൊപ്പം മികച്ച ഗാനരചയിതാവ് കൂടിയാണ് പ്രഭാവർമ്മയെന്നും മലയാളത്തിലെ മികച്ച 10 ചലച്ചിത്രഗാനങ്ങളുടെ പട്ടികയിൽ " ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ' എന്ന പ്രഭാവർമ്മയുടെ ഗാനമുണ്ടാകുമെന്നും കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് പറഞ്ഞു.
മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, കെ.യു.ഡബ്ലിയു.ജെ ജനറൽ സെക്രട്ടറി കിരൺ ബാബു, മലയാളമനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം,കെ.പി. റെജി, ഡോ. ജി.രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു. പ്രഭാവർമ്മയുടെ ചിത്രം ക്യാമറയിൽ പകർത്തിയാണ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം നിർവഹിച്ചത്.
കൗതുകമായി ഫോട്ടോ
എക്സിബിഷൻ
പ്രഭാവർമ്മയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയും മാദ്ധ്യമ പ്രവർത്തകരായ ലോക പ്രശസ്ത എഴുത്തുകാരുടെ സർഗ്ഗാത്മകജീവിതം അടയാളപ്പെടുത്തിയുമാണ് ദൃശ്യപ്രഭ എന്ന പേരിലുള്ള ഫോട്ടോപ്രദർശനം. വിവിധ കാലഘട്ടങ്ങളിലെ പ്രഭാവർമ്മയുടെ ചിത്രങ്ങൾ, പ്രശസ്തർക്കൊപ്പമുള്ള നിമിഷങ്ങൾ എന്നിവയ്‌ക്കൊപ്പം പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.