viswas

തൃശൂർ : ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണ്ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശിയും നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ താമസിക്കുന്നയാളുമായ ചക്രമാക്കിൽ വീട്ടിൽ വിശ്വാസ് രാമചന്ദ്രൻ കദമിനെയാണ് (34) പിടികൂടിയത്. എറണാകുളം സ്വദേശിയിൽ നിന്ന് ഹാൾമാർക്ക് ചെയ്യാനായി വാങ്ങിയ 2255.440 ഗ്രാം സ്വർണ്ണാഭരണം, ഹാൾമാർക്കിംഗ് സ്വർണ്ണാഭരണങ്ങളോ പണമോ തിരികെ നൽകാതെ തട്ടിച്ച കേസിലാണ് അറസ്റ്റ്. 2024 ഏപ്രിലിലാണ് എറണാകുളം സ്വദേശി ഹാൾമാർക്ക് ചെയ്യാനായി പല തവണകളായി സ്വർണ്ണാഭരണം നൽകിയത്. സ്വർണ്ണാഭരണങ്ങളോ പണമോ തിരികെ നൽകാതെയിരുന്നതിനാൽ ജൂണിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇൻസ്‌പെക്ടർ എം.സുജിത്ത്, തുടർന്ന് ഇൻസ്‌പെക്ടർ എം.ജെ.ജിജോ എന്നിവർ നടത്തിവന്നിരുന്ന അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. സബ് ഇൻസ്‌പെക്ടർ വി.കെ.സന്തോഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.