l

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കു വേണ്ടിയാണ് വിഴിഞ്ഞം സെന്റ് മേരീസ് എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സെൽവൻ മാഷ് ആദ്യമായി മഹാത്മാ ഗാന്ധിയുടെ സ്റ്റാമ്പ് ശേഖരിക്കുന്നത്.ചരിത്ര പുസ്തകത്തിലെ രാഷ്ട്രപിതാവിനെക്കുറിച്ച് കുട്ടികളെ എളുപ്പത്തിൽ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അന്ന് വിനോദത്തിന് തുടങ്ങിയത് ഇന്ന് സെൽവൻ മാഷിന്റെ ജീവിതത്തിന്റെ ഭാഗമാണ്.

ഗാന്ധിജിയുടെ 1000ലേറെ സ്റ്റാമ്പുകളാണ് പൊഴിയൂരുള്ള സെൽവരാജിന്റെ വീട്ടിലുള്ളത്. സ്റ്റാമ്പ് ശേഖരിക്കാൻ എത്ര ദൂരം സഞ്ചരിക്കാനും മടിയില്ല.ഇന്ത്യയ്ക്കു ശേഷം ഗാന്ധിജിയുടെ സ്റ്റാമ്പ് ആദ്യം പുറത്തിറക്കിയ രാജ്യമായ അമേരിക്കയുടെ സ്റ്റാമ്പ് വരെ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഗാന്ധിജിയെ ആദരിച്ച് ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകൾ,വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ഖാദി,തുണി,തടി,പ്ലാസ്റ്റിക്ക് എന്നിവയിൽ നിർമ്മിച്ച സ്റ്റാമ്പുകൾ,നാണയങ്ങൾ,പണ്ടുമുതലുള്ള രൂപ നോട്ടുകൾ,ഗാന്ധിജിയുടെ 300ഓളം അപൂർവ ചിത്രങ്ങൾ എന്നിവയും സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ ഇതുവരെ പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും സെൽവരാജിന്റെ കൈയിലുണ്ട്. ഫിലാത്തെലിക്ക് ആൻഡ് നുമിസ്മാറ്റിക്സ് അസോസിയേഷനിൽ നിന്നാണ് പലതും ശേഖരിക്കുന്നത്.ചിലത് വില നൽകി വാങ്ങും. 2022ൽ സംസ്ഥാന സർക്കാർ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നൽകി സെൽവരാജിനെ ആദരിച്ചിരുന്നു. സ്റ്റാമ്പ് ശേഖരം തുടങ്ങിയ ശേഷം ജീവിതത്തിലും ഗാന്ധിയൻ ശൈലി കൊണ്ടുവന്നതായി സെൽവരാജ് പറയുന്നു. ഗാന്ധിജിയുടേതിന് പുറമെ ചരിത്രപ്രസക്തമായ 5000ലേറെ സ്റ്റാമ്പുകളും പക്കലുണ്ട്.ഭാര്യ: വിനിത.മക്കൾ: സ്റ്റെൻസി,ആഷ്ഫിൻ,സഹേഷ്,ജെയ്സൺ.