
തിരുവനന്തപുരം: മറ്റ് സർവ്വീസ് ദാതാക്കൾക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതൽ സർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തിൽ ഈ വർഷം വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എൽ. ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിടുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സേവനദാതാക്കൾ നിരക്ക് കൂട്ടിയതോടെ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ബി.എസ്.എൻ.എല്ലിലേക്ക് മാറിയവരുടെ എണ്ണം സംസ്ഥാനത്ത് 1.7ലക്ഷമായി. ഈ മാറ്റം തുടരുകയാണ്.ഇത് ബി.എസ്.എൻ.എല്ലിന് വൻ കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു.
നാലിലൊന്ന് ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ
നിലവിൽ സംസ്ഥാനത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ 25.2% പേരും ബി.എസ്.എൻ.എല്ലാണ് ഉപയോഗിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് നൽകുന്ന എഫ്.ടി.ടി.എച്ചും 4 ജി വ്യാപനവും ബി.എസ്.എൻ.എല്ലിന് വൻ സ്വീകാര്യതയാണ് നൽകുന്നത്. സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500ഉം 4ജിയിലേക്ക് മാറ്റികഴിഞ്ഞു. 2048 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി വൈഫൈ ഹോട്ട് സ്പോട്ട് നൽകുന്നുണ്ട്.
കുതിപ്പേകുന്ന പദ്ധതികൾ
ലാൻഡ് ലൈൻ വരിക്കാർക്ക് അതേ നമ്പർ നിലനിറുത്തികൊണ്ട് എഫ്.ടി.ടി.എച്ച്.സേവനം നൽകുന്ന പദ്ധതി
സി.സി.ടി.വി. ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ഒ.ടി.ടി.ഡിജിറ്റൽ ടി.വി.തുടങ്ങിയവ ഉപയോഗിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ സ്മാർട്ട് ഹോം പാക്കേജ്
വീട്ടിൽ എഫ്.ടി.ടി.എച്ച്. വൈഫൈ സേവനം
രാജ്യത്ത് എവിടെപ്പോയാലും ഉപയോഗിക്കാവുന്ന "സർവ്വത്ര" സേവനം
കഴിഞ്ഞ സാമ്പത്തിക വർഷം
1859കോടി
സംസ്ഥാനത്ത് നിന്നുള്ള വരുമാനം
63കോടി
ലാഭം
2300 കോടി
ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരുമാനം
1656കോടി
സംസ്ഥാനത്ത് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതി തുക