തിരുവനന്തപുരം: നിയമസഭയിലെ പഞ്ചിംഗ് മെഷീനുകൾ പണിമുടക്കിയതോടെ ജീവനക്കാർക്കിന്നലെ ഹാജർ രേഖപ്പെടുത്താനായില്ല. ഫേസ്ആപ്പ് സൗകര്യമുള്ള ചില ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഏറെ ജീവനക്കാരും പിന്നീട് ഹാജർ രേഖപ്പെടുത്തിയത്. യു.എൽ.ടി.എസ് മുഖേന മെട്രിക്സ് എന്ന സ്ഥാപനമാണ് നിയമസഭയിൽ പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. യു.ഐ.ഡി.എ.ഐ നിബന്ധനപ്രകാരം എല്ലാ പഞ്ചിംഗ് മെഷീനുകളും 2024 സെപ്തംബർ 30ന് മുമ്പായി അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടെങ്കിലും ഇവിടെ മെഷീനുകൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. യു.ഐ.ഡി.എ.ഐയുടെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മെട്രിക് കമ്പനി അപ്ഡേറ്റ് ചെയ്യാവുന്ന തരത്തിലുള്ള പഞ്ചിംഗ് മെഷീനുകൾ വിതരണം ചെയ്യുന്ന സ്ഥാപനമല്ല എന്നാണ് കാണിക്കുന്നത്. ഫലത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി യു.എൽ.ടി.എസ് മുഖേന സ്ഥാപിച്ച പഞ്ചിംഗ് മെഷീനുകൾ ഉപയോഗിച്ച് നിയമസഭയിൽ ഇനി ഹാജർ രേഖപ്പെടുത്താനാവില്ലെന്ന് സാരം. അപ്ഗ്രേഡ് ചെയ്യാൻ സാധിക്കാത്ത പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ച് ജീവനക്കാരുടെ ഹാജർ സംവിധാനം അവതാളത്തിലാക്കിയത്തിൽ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഹാജർ രേഖപ്പെടുത്തുവാൻ അടിയന്തര ബദൽ സംവിധാനമേർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.