photo

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ ആ‌ർ.സി ബുക്കും ഇനി ഡിജിറ്റൽ. അച്ചടിപതിപ്പ് ന‌ിർബന്ധമേ അല്ല. മൊബൈൽഫോണിലാണ് ലഭ്യമാകുന്നത് . സമാർട്ട്‌ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർ ഡിജിറ്റൽ ലൈസൻസിന്റെ ക്യൂ.ആർകോഡുള്ള ഭാഗം പ്രിന്റ് ചെയ്ത് കൈവശം വച്ചാൽ മതി.ധനവകുപ്പിന്റെ അംഗീകാരം കിട്ടിയാൽ, ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കാനാവും.

അച്ചടി പതിപ്പ് ആവശ്യപ്പെടുന്നവർക്ക് മാത്രം നൽകും. അതിന് 200 രൂപ അടയ്ക്കണം.

അച്ചടിക്കൂലി കുടിശ്ശിക നൽകാത്തതു കാരണം ആർ.സി, ഡ്രൈവിംഗ് ലൈസൻസ് അച്ചടി കരാർ കമ്പനി നിറുത്തിവച്ചിരിക്കുകയാണ്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് ഡിജിറ്റൽ ആകുന്നത്.

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ എം.പരിവാഹൻ, ഡിജിലോക്കർ എന്നിവയിൽ ഡിജിറ്റൽ പ്രിന്റ് ലഭിക്കും. അച്ചടിച്ച പകർപ്പ് കിട്ടാത്തതിനാൽ പുതുതലമുറയിൽ പെട്ടവർ ഇപ്പോൾതന്നെ ഡിജിറ്റൽ പകർപ്പ് മൊബൈലിൽ സൂക്ഷിക്കുന്നുണ്ട്.

അഞ്ചുലക്ഷം ആർ.സിയും, 1.30 ലക്ഷം ഡ്രൈവിംഗ് ലൈസൻസും കുടിശ്ശികയുണ്ട്. കാർഡിനുള്ള തുക മോട്ടോർവാഹനവകുപ്പ് അപേക്ഷകരിൽ നിന്ന് ഈടാക്കിയെങ്കിലും കരാർ കമ്പനിക്ക് 10 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് എങ്ങനെ തീർക്കുമെന്നതിൽ ധാരണയായിട്ടില്ല.
ആറുവർഷം മുമ്പേ കേന്ദ്രം ഡിജിറ്റൽ പ്രിന്റ് നൽകിയിരുന്നെങ്കിലും സംസ്ഥാനത്ത് കാർഡ് അച്ചടി നിർബന്ധമായിരുന്നു. ആവശ്യമുള്ളവർക്ക് കാർഡ് നൽകാൻ സ്വന്തം നിലയ്ക്ക് അച്ചടി ആരംഭിക്കാനുള്ള നീക്കത്തിലാണ്‌ മോട്ടോർവാഹനവകുപ്പ്. അഞ്ച് മെഷീനുകൾ വകുപ്പിനുണ്ട്.അസം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രനിർദേശം പാലിച്ച് കാർഡ് അച്ചടി നിർത്തിയിരുന്നു.

ടെസ്റ്റ് പാസാകുന്ന

ദിവസം ലൈസൻസ്

♦ഡിജിറ്റലായിക്കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ലൈസൻസ് മൊബൈലിൽ ലഭിക്കും

♦ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ഡിജിലോക്കറിലുള്ള ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതി

♦ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉദ്യോഗസ്ഥർക്ക് കാർഡിന്റെ നിജസ്ഥിതി മനസിലാക്കാം.

♦ഡ്രൈവിംഗ് ലൈസൻസ് നിലവിലുണ്ടോ സസ്‌പെൻഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നതടക്കം ബോധ്യമാവും.

♦കാർഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ ഉദ്യോഗസ്ഥർക്കു പകർപ്പ് കൈമാറാം. അപകടവേളയിൽ രേഖകൾ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട.

♦ക്യൂ. ആർ കോഡ് ഉൾപ്പെടെ കാർഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളിൽനിന്നു പ്രിന്റ് എടുത്തു സൂക്ഷിക്കാം.

അച്ചടിക്കൂലി 60,

ഈടാക്കന്നത് 200

ഗില്ലോച്ചെ പ്രിന്റിംഗ് ഉൾപ്പെടെ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള കാർഡൊന്നിന് 60 രൂപയും നികുതിയുമാണ് അച്ചടിക്കൂലി.

ഒരു കാർഡിന് 200 രൂപ അപേക്ഷകരിൽ നിന്നു മോട്ടോർവാഹനവകുപ്പ് ഈടാക്കുന്നുണ്ട്. ഈ തുക ട്രഷറിയിലേക്കു പോവും. മോട്ടോർവാഹനവകുപ്പിന് ഈ തുക ധനവകുപ്പിൽ നിന്ന് കൈമാറുന്നതിൽ കാലതാമസം വന്നതോടെയാണ് കുടിശികയും പ്രതിസന്ധിയും നേരിട്ടത്.