തിരുവനന്തപുരം: തലസ്ഥാനത്തെവിടെയും കേൾക്കാം കരമനയിലെ മട്ടൻരുചിയുടെ പെരുമ്പറമുഴക്കം! 1946 മുതൽ കരമനയ്ക്ക് 'മട്ടൻമണം" നൽകിയത് പീർ മുഹമ്മദ് എന്ന കൊച്ചണ്ണൻ സാഹിബാണ്. ഈ രുചിമണം മറ്റ് ജില്ലകളിലേക്കുമിപ്പോൾ പരന്നിരിക്കുന്നു. സെക്രട്ടേറിയറ്റിലെത്തുമ്പോൾ കൊച്ചണ്ണൻ സാഹിബ്‌സിലെത്താതെ മടങ്ങാനാവാത്തവർ ഏറെയുണ്ട്. മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ അനിലും ഇവിടെ നിന്ന് പാഴ്സൽ വാങ്ങുന്നത് പതിവാണ്. മുൻമന്ത്രിമാരിൽ ഇടയ്ക്കിടെ എത്തുന്നവരാണ് സി.ദിവാകരനും വി.ശിവകുമാറും. കോടിയേരി മട്ടൻസൂപ്പിന്റെ ആരാധകനായിരുന്നു. എം.എ ബേബിയും കുടുംബവും ഈ രുചി തേടിയെത്താറുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാണി സി.കാപ്പനും പത്മജ വേണുഗോപാലും ചിന്താ ജെറോമും ഈ രുചിക്കൂട്ടിൽ മയങ്ങിയവരാണ്. ഷാഫി പറമ്പിലിന്റെ ഇഷ്ടവിഭവം ലിവ‍ർ റോസ്റ്റാണ്. വജ്രജൂബിലിയിലെത്തിയ റെസ്റ്റോറന്റിന്റെ മാറ്റുകൂട്ടുന്നത് നാടൻ മട്ടനും സ്വന്തമായി തയാറാക്കുന്ന കറിക്കൂട്ടുകളും. മട്ടൻകറി,​ റോസ്റ്റ്,​ ലിവർ റോസ്റ്ര്,​ ബ്രെയിൻ,​ നല്ലി,​ മട്ടൻ ഫ്രൈ,​ കുറുമ,​ സൂപ്പ്,​ മട്ടൻ ബിരിയാണി എന്നിവയാണ് ഇവിടുത്തെ സ്പെഷലുകൾ. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന കടയിൽ 11.30 മുതൽ മട്ടൻ വിഭവങ്ങളുമായി ഊണും ബിരിയാണിയും തയ്യാർ. ഉച്ചയ്ക്ക് 12 മുതൽ മട്ടൻ ഫ്രൈ ലഭിക്കും. 3മണി മുതൽ മട്ടൻ വിഭവങ്ങൾക്കൊപ്പം ഇടിയപ്പം, ഒറട്ടി, പൊറോട്ട,​ ദോശ എന്നിവ കഴിക്കാം. മട്ടൻ കുറുമയും മട്ടൻസൂപ്പും വൈകിട്ടത്തെ സ്പെഷലുകളാണ്. സാധാരണക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന വിലയെന്നതാണ് ഇവിടത്തെ പ്രത്യേകത. ബിരിയാണിക്ക് 230 രൂപയും റോസ്റ്റിനും കറിക്കും 180 രൂപ വീതവും.

കൊച്ചണ്ണൻ സാഹിബ് മരിച്ചിട്ട് 35 വർഷം പിന്നിട്ടു.10 മക്കളിൽ ഏറ്റവും ഇളയയാളായ പി.സഫീറാണ് രുചിയിൽ വാപ്പ വരച്ച വരയിൽ നിന്ന് അണുവിട മാറാതെ 20 വർഷമായി കട നടത്തുന്നത്. കടയിലുപയോഗിക്കുന്ന അതേ ക്വാളിറ്റിയുള്ള ഫ്രഷ് മട്ടൻ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഇവിടെനിന്ന് വാങ്ങാം.