തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തെ പിടികൂടി. ഇന്നലെ വൈകിട്ട് നാലരയോടെ ഒരു കുരങ്ങ് മൃഗശാല അധികൃതർ ഒരുക്കിയ മരച്ചില്ലകളിലൂടെ ആഹാരം കഴിക്കാനായി കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാമനെ വൈകിട്ട് അഞ്ചോടെ അതിസാഹസികമായി മൃഗശാല ജീവനക്കാരൻ മരത്തിന് മുകളിൽ നിന്ന് പിടികൂടി. മൂന്നാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.
തിങ്കളാഴ്ച രാവിലെ 7നാണ് മൃഗശാലയിൽ നിന്ന് മൂന്ന് പെൺകുരങ്ങുകൾ ചാടിയതായി മൃഗശാല അധികൃതർ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ രണ്ട് മരങ്ങളിലായി കുരങ്ങുകളെ കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന ആൺകുരങ്ങുമായി പുറത്തുചാടിയ കുരങ്ങുകൾ ഇടയ്ക്കിടെ ആശയവിനിമയം(അലാം കോൾ) നടത്തിയിരുന്നു. ഈ സമയം പുറത്ത് ചാടിയ കുരങ്ങുകൾ കൂട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കൂട്ടിനുള്ളിൽ ഭക്ഷണം വച്ച് കൂട്ടിൽ കയറാൻ മരച്ചില്ല ഒരുക്കിയത്. കഴിഞ്ഞവർഷം അധികൃതരുടെ കണ്ണുവെട്ടിച്ച് നഗരത്തിൽ ചുറ്റിത്തിരിഞ്ഞ ഹനുമാൻ കുരങ്ങിനെയാണ് മരത്തിന്റെ മുകളിൽ നിന്ന് ജീവനക്കാരൻ പിടികൂടിയത്. മൂന്നാമനെ പിടികൂടാനായി വനംവകുപ്പിനോട് മങ്കിട്രാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. പിടികൂടിയ രണ്ട് കുരങ്ങുകളെയും കൂട്ടിലേക്ക് പ്രവേശിപ്പിച്ചെന്നും അവയുടെ ആരോഗ്യം തൃപ്തികരമാണെന്നും മൃഗശാല ഡോക്ടർ നികേഷ് കിരൺ പറഞ്ഞു.
.