പദ്മനാഭപുരം: ആചാരപരമായ യാത്രഅയപ്പിനുള്ള മുഹൂർത്തം...ആനപ്പുറത്ത് സരസ്വതിദേവിയും പല്ലക്കുകളിൽ കുമാരസ്വാമിയും മുന്നൂറ്റിനങ്കയും പദ്മനാഭപുരം കൊട്ടാരത്തിന് മുന്നിൽ നിലയുറപ്പിച്ച നിമിഷം. കൊട്ടാരത്തിന് മുകളിൽ നിന്ന് വിഗ്രഹങ്ങളിലേക്ക് പുഷ്പവൃഷ്ടി, ഒപ്പം ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങി. കൊട്ടാരകവാടം കടന്ന് വിഗ്രഹഘോഷയാത്ര പുറത്തേക്ക്. വഴിനീളെ ആഘോഷത്തോടെ ജനങ്ങളുടെ സ്വീകരണം.

തമിഴ്നാട് - കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയവും സൗഹൃദവുമാണ് ഘോഷയാത്രയിലൂടെ വ്യക്തമാക്കുന്നത്. നവരാത്രി വിഗ്രഹങ്ങൾ തലസ്ഥാന നഗരിയിലെത്തുന്നതോടെ കൊല്ലവർഷം 1200ാം ആണ്ടിലെ നവരാത്രി ഉത്സവങ്ങൾക്കും ശുഭാരംഭമാകും. അതിന് തുടക്കം കുറിച്ചുള്ള ഘോഷയാത്രയാണ് ഇന്നലെ നാഞ്ചിനാട്ടിൽ നിന്ന് പുറപ്പെട്ടത്. വിഗ്രഹ ഘോഷയാത്ര നാളെ തിരുവനന്തപുരത്ത് എത്തിച്ചേരും. കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൽക്കുളം പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്ന് സരസ്വതീ ദേവി,വേളിമലയിലെ കുമാര കോവിലിൽ നിന്ന് വേലായുധ സ്വാമി,ശുചീന്ദ്രത്തു നിന്നു മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ എത്തിക്കുന്നത്.

നാളെ വൈകിട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ ഈ ഘോഷയാത്രയ്ക്ക് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായ വരവേല്പ് നൽകും.

പിന്നീട് സരസ്വതീ വിഗ്രഹത്തെ കിഴക്കേനടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തിൽ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആയുധങ്ങളം ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നിൽ പൂജവയ്ക്കും. കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും ആനയിക്കുന്നതോടെ നഗരം നവരാത്രി ആഘോഷത്തിന്റെ തിരക്കിലാകും. നവരാത്രി സംഗീതോത്സവത്തിനും ഇതോടെ തുടക്കമാകും.

അനന്തപുരി ആഹ്ലാദാരവങ്ങളോടെ ഘോഷയാത്രയെ വരവേൽക്കുന്നതിലൂടെ ചരിത്രത്തിന്റെ ഗതിവിഗതികളാൽ രണ്ടായിപ്പോയ പഴയ തിരുവിതാംകൂർ പ്രദേശത്തിലുൾപ്പെട്ടിരുന്ന ജനത ഹൃദയം കൊണ്ട് ഐക്യപ്പെടുകയാണ്. നാഞ്ചിനാട്ടിലുൾപ്പെട്ട പ്രദേശങ്ങളെല്ലാം ഇന്ന് കന്യാകുമാരി ജില്ലയിലാണ്. കൽക്കുളം താലൂക്കിലെ പദ്മനാഭപുരം കൊട്ടാരം മാത്രമാണ് ഇപ്പോഴും കേരള സർക്കാരിന്റെ അധീനതയിലുള്ളത്. കൊട്ടാരത്തിന്റെ കിഴക്കേ ഭാഗത്തെ തേവാരക്കെട്ടിലുള്ള സരസ്വതീ ക്ഷേത്രം കന്യാകുമാരി ദേവസ്വത്തിന്റെ കീഴിലാണ്. ഇവിടത്തെ വിഗ്രഹമാണ് ഘോഷയാത്രയായി കൊണ്ടുവരുന്നത്.