തിരുവനന്തപുരം: വിഷമകരമായ രാഷ്ട്രീയ സാഹര്യത്തിൽ സി.പി.എമ്മിനെതിരെ എതിരാളികൾ സംഘടിതമായി അണിനിരക്കുകയാണെന്ന് മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ള. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകളെ വളച്ചൊടിച്ചും തികഞ്ഞ ശരികളെ മറച്ചുവച്ചും സി.പി.എമ്മിനെതിരെ കടുത്ത അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പാർട്ടിക്കെതിരെ മാദ്ധ്യമങ്ങളും എതിർപ്പാർട്ടികളും കടുത്ത അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. വീണ്ടും അധികാരത്തിൽ എത്താൻ പിണറായി വിജയന്റെ നല്ല പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തുന്നു. മതന്യൂനപക്ഷങ്ങൾക്കു വേണ്ടി സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞവർ ഇന്ന് ഹിന്ദു വർഗീയവാദികൾക്ക് അനുകൂലമെന്നാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി വി. ജോയി അദ്ധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എൻ. സീമ, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എന്നിവർ സംസാരിച്ചു.