കോവളം: യോഗാ പരിശീലനത്തിനിടെ പരിശീലകൻ വിദേശ വനിതയുടെ ദേഹത്ത് കടന്നു പിടിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെ 7 മണിയോടെ ലെെറ്റ്ഹൗസ് ബീച്ചിന് സമീപത്തെ യോഗ സെന്ററിലാണ് സംഭവം. യോഗ പരിശീലിക്കുന്നതിനിടെ യുവതിയുടെ ശരീരത്തിൽ കടന്നു പിടിച്ചതായും എതിർത്തതിനെ തുടർന്ന് സ്ഥലത്തു നിന്ന് പ്രതി കടന്നുകളഞ്ഞതായുമാണ് പരാതി. പരിശീലകനായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശിയായ സുധീറിനെതിരെയാണ് അർജന്റീനക്കാരിയായ യുവതി കോവളം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ ജയപ്രകാശിന് പരാതി നൽകിയത്. ഇക്കഴിഞ്ഞ 26 നാണ് യുവതി കോവളത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.