1

ശ്രീകാര്യം: കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ കഴിഞ്ഞ ദിവസം ആരംഭിച്ച വിദ്യാർത്ഥി സമരം തുടരുന്നു.എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.സമരത്തെ തുടർന്ന് വി.സി ഡോ.മോഹൻ കുന്നുമ്മേൽ ക്യാമ്പസ് ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും യോഗം വിളിച്ച് ചേർത്തിരുന്നു. ക്യാമ്പസിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികളെടുക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു.

എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.

രാത്രിയിൽ ക്യാമ്പസ് റോഡിലൂടെ നടന്നുപോകുന്ന ഹോസ്റ്റലിലെ പെൺകുട്ടികളെ ബൈക്കിലെത്തുന്ന സംഘങ്ങൾ ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. രണ്ട് വിദ്യാർത്ഥികൾ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.ക്യാമ്പസ് റോഡുകളിലും ഹോസ്റ്റലിന് മുന്നിലും പ്രധാന ഗേറ്റുകളിലും സി.സി ടി.വി ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കുക,വഴിവിളക്കുകൾ സ്ഥാപിക്കുക,സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമാക്കുക,രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.