minnamkode

മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പേയാട് -മിണ്ണംകോട് പനയറവിളാകം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി.

കൊല്ലംവിളാകം, പണ്ടാരവിള, പറയാട്, ചെറുതേരി എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. ചെറിയൊരു മഴപെയ്താലുടൻ റോഡാകെ വെള്ളക്കെട്ടായി മാറും.മിണ്ണംകോട്, കരുവിലാഞ്ചി വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിനാൽ ഇതുവഴിയുള്ള വാഹന-കാൽനട യാത്ര ദുരിതമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിലെ കോൺക്രീറ്റ് ചെയ്ത മെറ്റലുകൾ ഇളകി കുഴിയായി മാറിയതിനാൽ വാഹന-യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇളകിയ മെറ്റലുകൾക്ക് മുകളിലൂടെ സർക്കസ് കണക്കെ പോകേണ്ട ഗതികേടിലാണ്.

റോഡ് നവീകരിക്കാതെ

ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് നവീകരിച്ചിട്ട് എട്ട് വർഷം കഴിഞ്ഞു.200ലേറെ കുടുംബങ്ങളുടെ ഏക ആശ്രയമാണീ റോഡ്.നാട്ടുകാരുടെ ശ്രമഫലമായി രണ്ട് പ്രാവശ്യം ഈ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.പഞ്ചായത്ത് അധികൃതരോട് റോഡ് നവീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഉടനെ പരിഹരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. റോഡ് ഇപ്പോഴും പഴയപടി തകർന്ന് കിടക്കുകയാണ്.നിരവധി സ്കൂൾ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

പ്രതിഷേധം ശക്തം

അടുത്തിടെ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു.സ്കൂൾ-കോളേജ് വിദ്യാർത്ഥികളും വിവിധ ജോലികൾക്ക് പോകുന്നവരും ഗർഭിണികളും സമീപവാസികളും നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. പരിസരവാസികളും വിവിധ സന്നദ്ധ സംഘടനകളും ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം നിവേദനങ്ങൾ നൽകിയിരുന്നു. റോഡ് നവീകരിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

മിണ്ണംകോട്-പനയറവിളാകം റോഡ് നവീകരിച്ച് ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് അടിയന്തര
പരിഹാരമുണ്ടാക്കണം.തകർന്ന് തരിപ്പണമായിത്തീർന്ന ഈ റോഡ് അപകടക്കെണിയായി മാറിയിരിക്കുകയാണ്.

പ്രദേശവാസികളായ, സ്റ്റീഫൻ,ഗിരീഷ്