a

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിലൊരാളായ പ്രകാശ് ജാവ്ദേക്കറുമായി, എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി. ജയരാജൻ തന്റെ മകന്റെ വീട്ടിൽ വച്ച് ഒരു സൗഹൃദ സംഭാഷണം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചൊരു ചൊല്ലുണ്ട്. 'ശിവൻ പാപിയെ തൊട്ടാൽ ശിവനും പാപിയാവു'മെന്ന്. നാക്കിൽ ഗുളികൻ നിൽക്കുന്ന സമയത്ത് നമ്മൾ പറയുന്ന കാര്യങ്ങൾ എങ്ങനെ തിരിഞ്ഞു കൊത്തുമെന്ന് പറയാനാവില്ല. ഇപ്പോൾ സി.പി.എം ചെന്നു പെട്ടിരിക്കുന്നതും അത്തരമൊരു അവസ്ഥയിലാണ്. കുറഞ്ഞപക്ഷം ഇടതുപക്ഷ തോളത്തിരുന്ന് മാങ്ങ പറിച്ചുകൊണ്ടിരുന്ന പി.വി. അൻവറിന്റെ കാര്യത്തിലെങ്കിലും.

കഴക്കൂട്ടം ബൈപാസിനോട് ചേർന്ന് ആക്കുളം ഭാഗത്തുകൂടി പോകുമ്പോഴാണ് ജാവ്ദേക്കറിന് നല്ല കടുപ്പത്തിൽ ഒരു ചായകുടിക്കണമെന്ന ഉൾവിളിയുണ്ടായത്. ചിലർക്ക് ചായ കുടിക്കണമെന്ന് തോന്നിയാ പിന്നെ കുടിക്കാതിരിക്കാനുമാവില്ല. അത്ര നല്ല ചായ കിട്ടുന്ന കടകളൊന്നുമുള്ള പ്രദേശമല്ലെന്ന് കൂടെയുള്ളവർ പറഞ്ഞെങ്കിലും അദ്ദേഹത്തിന് ചായ കുടിച്ചേ മതിയാവൂ. അപ്പോഴാണ് ആരോ പറഞ്ഞത്, ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജന്റെ മകന്റെ ചെറിയെരു ഫ്ളാറ്റ് അവിടെയാണെന്നും ജയരാജൻ അവിടെയുണ്ടെന്നും അങ്ങോട്ടു കയറിയാൽ കടുപ്പത്തിൽ ഒരു ചായയാവാമെന്നും. രാഷ്ട്രീയമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും ആശയപരമായി വൈരുദ്ധ്യങ്ങളും ഒക്കെയുണ്ടെങ്കിലും ചായയിൽ കമ്യൂണിസവും ഹിന്ദുത്വവാദവുമൊന്നുമില്ലല്ലോ. മാത്രമല്ല, ജയരാജൻ അറിയപ്പെടുന്നൊരു മനുഷ്യ സ്നേഹിയുമാണ്. അങ്ങനെ പ്രകാശ് ജാവ്ദേക്കർ , ജയരാജന്റെ മകന്റെ വീട്ടിലെത്തുന്നു, ജയരാജന് ഹസ്തദാനം ചെയ്യുന്നു. ചായ കുടിച്ച് നിമിഷങ്ങൾക്കുള്ളിൽ അവിടെ നിന്ന് പോകുന്നു. ഇതാണ് ചിലർ കുത്തിപ്പൊക്കി വിവാദമാക്കിയത്. ഈ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ശിവൻ പാപിയാവുന്ന രാസമാറ്റം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിളമ്പിയത്.

തുറന്ന പോരുമായി

അൻ'വാർ'

മലബാർ മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും അൻവറിന്റെ കുടുംബത്തിനില്ല. മാത്രമല്ല, ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ത്യാഗോജ്വലമായി പ്രവർത്തിച്ച പാരമ്പര്യമാണുള്ളത് താനും. തന്റെ നല്ല സമയമെത്തിയപ്പോൾ ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവുമില്ലാത്തതിനാൽ കെ.എസ്.യു വഴി കോൺഗ്രസിലേക്കും അവിടെ നിന്ന് ഡി.ഐ.സിയിലേക്കും ആശയപരമായ കൃത്യമായ നിലപാട് തറയുടെ പേരിൽ മാറിപ്പോയ ആളാണ് പി.വി.അൻവർ.

അധർമ്മം എവിടെ കണ്ടാലും പൊറുക്കുന്ന ശീലം പണ്ടേ അൻവറിനില്ല. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ സ്വതന്ത്രനായാണ് ഏറനാട് മണ്ഡലത്തിൽ മത്സരിച്ചത്. അന്തസായി തോറ്റു. 2014-ൽ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു പരാജിതനായി. അങ്ങനെയാണ് അദ്ദേഹം ഇടതുപക്ഷത്തോട് അടുക്കുന്നത്. 2016 ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനെ അട്ടിമറിച്ച് അൻവർ നിയമസഭ കണ്ടതോടെയാണ് താരമായത്. പിന്നീട് നിയമസഭയിലും പുറത്തും ഇടതുപക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും ശക്തനായ വ്യക്താവായി അദ്ദേഹം സ്വയം അങ്ങ് മാറി. അൻവറിന്റെ ഈ മാറ്റം കണ്ണടച്ച് ഇടതുപക്ഷം ആസ്വദിക്കുകയും ചെയ്തു. നിസ്വാർത്ഥമായ പൊതു പ്രവർത്തനത്തിനൊപ്പം കുടുംബം പോറ്റാൻ അല്ലറ ചില്ലറ ബിസിനസും അദ്ദേഹം നടത്തിപ്പോന്നു. കൂടരഞ്ഞി കക്കാടംപൊയിലിൽ അദ്ദേഹം സ്ഥാപിച്ച വാട്ടർ തീം പാർക്ക് ഉരുൾപൊട്ടൽ, ​മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള ഭാഗത്താണെന്ന് ഒരു വില്ലേജ് ഓഫീസർ കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഇവിടെ അനധികൃത നിർമാണം നടന്നിട്ടുള്ളതായി കോഴിക്കോട് ജില്ലാ ഭരണകൂടവും കണ്ടെത്തി. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയോട് അതോടെ അൻവറിന് അല്പം നീരസമായി.

അനധികൃത നിർമാണങ്ങൾ നീക്കാൻ റവന്യൂവകുപ്പ് നിർദ്ദേശം നൽകിയെങ്കിലും ഇടതുപക്ഷത്തിന്റെ കുന്തമുനയായി നിൽക്കുന്ന അദ്ദേഹത്തെ ആരും തൊട്ടില്ല. അങ്ങനെ തന്റെ നിയമാനുസൃതവും അനധികൃതവുമായ ബിസിനസ് കാര്യങ്ങളുമായി തട്ടും തടവുമില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പിയുമായും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഭൂഗോളത്തിന്റെ സ്പന്ദനം നിയന്ത്രിക്കുന്ന ശശിമാമനുമായും അദ്ദേഹം ഉരസലിലാവുന്നത്. ഉരസലിന്റെ മൂലകാരണം എന്തെന്ന് ഇപ്പോഴും അജ്ഞാതമാണ്. ജോലിയിൽ നല്ല ശേഷിയും ശേമൂഷിയുമുള്ള എ.ഡി.ജി.പിയെ തൊട്ടാൽ മുഖ്യമന്ത്രിക്ക് പിടിക്കുമോ. സർക്കാരിന് ഏത് പ്രതിസന്ധിയുണ്ടായാലും അത് മറികടക്കാൻ തന്ത്രങ്ങൾ മെനയുന്ന ചാണക്യബുദ്ധിയുള്ള ശശിമാമനെ തൊട്ടാൽ മുഖ്യന് സഹിക്കുമോ. അവിടെയാണ് അൻവറിന് തെറ്റിയത്. തന്റെ പരിദേവനങ്ങൾ വേണ്ടപോലെ മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് മുണ്ടും മടക്കി കുത്തി അൻവർ ഇറങ്ങിയത്. പിന്നെ മണിക്കൂറുകൾ ഇടവിട്ട് വെളിപ്പെടുത്തലോട് വെളിപ്പെടുത്തൽ തന്നെ. ആദ്യം സി.പി.എമ്മും മുഖ്യമന്ത്രിയും ഇതത്ര കാര്യമാക്കിയില്ല. ആകെ അൻവറിന്റെ രോഷപ്രകടനം മനസിലാക്കി,​ എ.ഡി.ജി.പിക്കെതിരെ ഒന്നു ഞരങ്ങിയത് മാന്തിയും കടിച്ചും ശൗര്യം കാട്ടുന്ന പഴയ പുലി സി.പി.ഐ മാത്രം. പോകെപ്പോകെയാണ് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ബോദ്ധ്യപ്പെട്ടത്. അപ്പോഴേക്കും മുണ്ടും കളസവും നനഞ്ഞ് കഴുത്തോളം വെള്ളത്തിലായി. കെ റെയിൽ കൊണ്ടുവന്ന് അപ്പക്കച്ചവട മേഖല പുഷ്ടിപ്പെടുത്താമെന്ന് കണ്ടെത്തിയ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും ഏട്ട എന്ന് പറഞ്ഞാൽ കോട്ട എന്ന് മനസിലാക്കുന്ന പി.ബി.അംഗം എ.വിജയരാഘവനും അൻവറിനെ കൊഞ്ഞനം കുത്തി പരിഹസിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഗോദയിലിറങ്ങി. പക്ഷെ അതും ഏറ്റില്ല. ഗത്യന്തരമില്ലാതെ ഇടതുപക്ഷം അൻവറിനെ മൊഴിചൊല്ലി. അതോടെ സ്വന്തം നിലയ്ക്ക് ഒരു പാർട്ടി തട്ടിക്കൂട്ടാനുള്ള ഗ്രൗണ്ട് വർക്ക് അൻവറും തുടങ്ങി.

പിടിച്ചതിലും വലുത് മാളത്തിൽ എന്നപോലെ ഈ ഘട്ടത്തിലാണ് മറ്റൊരു ഇടതുപക്ഷ സ്വതന്ത്രനും കച്ചമുറുക്കി രംഗത്തിറങ്ങിയത്. നിയമസഭയിൽ ഇടതുപക്ഷത്തിന് വേണ്ടി ലീഗിനെ എപ്പോഴും പ്രഹരിക്കാറുള്ള ജലീൽ മാഷ്. അദ്ദേഹവും ചില്ലറ അസ്വസ്ഥതകളും മോഹഭംഗങ്ങളുമൊക്കെ പൊതുജന സമക്ഷം നിരത്തി. വായനയോട് വല്ലാത്ത ദാഹം തുടങ്ങിയതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള പ്രത്യേക മൂഡിലാണെന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ യഥാർത്ഥ ഉള്ളിലിരുപ്പ് എന്താണെന്ന് ശശിമാമനോ അപ്പപ്പെരുമാൾ ഗോവിന്ദൻ മാഷിനോ മനസിലായിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പ് വരും വരെ സസ്പെൻസിലായിരിക്കും കാര്യങ്ങൾ.

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഒന്നോ രണ്ടോ സീറ്റുകൾ ജയിക്കാനോ നിലനിർത്താനോ എവിടെ നിന്ന് വരുന്നവരെയും പൂർവ്വാശ്രമം നോക്കാതെ സ്വീകരിക്കുന്നൊരു ശീലം ഇടതുപക്ഷത്തിന് - പ്രത്യേകിച്ച് സി.പി.എമ്മിനുണ്ട്. ഇങ്ങനെ സ്വീകരിക്കുന്നവരിൽ മാണിക്യകല്ലുകളുണ്ടാവാം,​ മണ്ണാങ്കട്ട കഷണങ്ങളുമുണ്ടാവാം. ഈ മണ്ണാങ്കട്ടകൾ പിന്നീട് ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും പൊടിയും തരിയുമായി കലങ്ങിച്ചേരാം. അപ്പോൾ സ്വയം പഴിച്ച് പാപിയുടെയും ശിവന്റെയും ഗീർവാണം വിളമ്പിയിട്ട് വല്ല കാര്യവുമുണ്ടോ.

ഇതുകൂടി കേൾക്കണേ

ചിലരെയൊക്കെ ഒതുക്കാനും മെരുക്കാനും മറ്റു ചില അവതാരങ്ങളെ കെട്ടയിറക്കുന്ന കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. അതും ഒട്ടും ഗുണകരമായിട്ടില്ലെന്നതിനുമുണ്ട് ദൃഷ്ടാന്തങ്ങൾ. എന്നിട്ടു പഠിക്കാതിരുന്നാലോ ..