
യൂണിവേഴ്സിറ്റി കോളേജ് അവിടെ പഠിച്ചവർക്കും പഠിക്കുന്നവർക്കും ഒരു വികാരമാണ്
വിഖ്യാത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് 'ഘോഷയാത്ര' എന്ന തന്റെ ഓർമ്മക്കുറുപ്പിൽ ഇങ്ങനെ കുറിച്ചു...
'തിരുവിതാംകൂറുകാർക്ക് തിരുവനന്തപുരം അന്ന് ലോകത്തിന്റെ തലസ്ഥാനമായിരുന്നു...യൂണിവേഴ്സിറ്റി കോളേജിനെക്കാൾ ശ്രേഷ്ഠമായൊരു വിദ്യാഭ്യാസ സ്ഥാപനം ഓക്‌സ്‌ഫോർഡിൽ പോലുമില്ലെന്ന് അവർക്ക് അറിയാമായിരുന്നു.ചുവന്ന കല്ലുകൾ പാകിയ സൗധസമുച്ചയം എത്ര ഭംഗിയുള്ളതായിരുന്നു..മുന്നിലുള്ള മൈതാന സദൃശ്യമായ പുൽത്തകിടിയും തണലേകുന്ന വൃക്ഷങ്ങളുമുള്ളപ്പോൾ ഓക്‌സ്‌ഫോർഡിൽ ആർക്കുപോകണം...മലയാറ്റൂർ രാമകൃഷ്ണൻ,കാർട്ടൂണിസ്റ്റ് അബു,സി.എൻ.ശ്രീകണ്ഠൻനായർ ഉൾപ്പെടെയുള്ള പ്രതിഭാശാലികളുടെ നീണ്ടനിര തന്നെ അവിടെയുണ്ടായിരുന്നു....'
പ്രഗത്ഭരെ വാർത്തെടുത്ത കോളേജ് മുത്തശ്ശി,യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ വികാരമായിരുന്നു.മരത്തണലിൽ സാഹിത്യവും കവിതയും സ്വപ്നങ്ങളും വേരിറങ്ങിയ കോളേജിലെ ഇപ്പോഴത്തെ ട്രെൻഡുകൾ എന്തൊക്കെയാണ്.?വിദ്യാർത്ഥിരാഷ്ട്രീയവും സമരങ്ങളും മുഖരിതമായ കോളേജിലെ വിദ്യാർത്ഥികൾക്ക് പറയാനുള്ളതെന്തെല്ലാം?
നല്ല മാറ്റങ്ങൾ
കണ്ണട വച്ചവരെ ബുദ്ധിജീവികളാക്കുന്ന,ആൺപെൺ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന കാലം കോളേജിൽ നിന്ന് പടിയിറങ്ങിയെന്ന് വിദ്യാർത്ഥികൾ ഒരേസ്വരത്തിൽ പറയുന്നു.ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കും. തോളിൽ കൈയിട്ട് സൗഹൃദം പങ്കിടും...പൊട്ടിച്ചിരിക്കും..അദ്ധ്യാപകർ കാണുമോയെന്ന് കരുതി ഒളിച്ച് സംസാരിക്കേണ്ട കാര്യമെന്താ?നമ്മുടെ മനസും ഉദ്ദേശ്യവും പരിശുദ്ധമാണെങ്കിൽ ആരെന്തുപറഞ്ഞാലും പ്രശ്നമില്ല. സുഹൃത്തുക്കളെപ്പോലെ അദ്ധ്യാപകരും പെരുമാറാൻ തുടങ്ങിയതോടെ അവരെക്കാണുമ്പോൾ പേടിച്ച് വിറയ്ക്കേണ്ട കാര്യവുമില്ല.ആഴവും പരപ്പുമില്ലാത്തവയാണോ ന്യൂജൻ സൗഹൃദങ്ങളെന്ന് ചോദിച്ചാൽ,അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിന് ആദ്യാവസാനം കൂടെ നിന്ന,സുഹൃത്തിന് ബ്രേക്ക് അപ്പ് ആയപ്പോൾ അവളുടെ കരച്ചിൽ മുഴുവൻ കേട്ട ഓർമ്മകൾ അവർ പങ്കുവയ്ക്കും.നിസ്വാർത്ഥവും നിഷ്കളങ്കവുമായ സൗഹൃദങ്ങൾ ഇപ്പോഴുമുണ്ട് ഹേ....
കൃത്യമായ രാഷ്ട്രീയം
രാഷ്ട്രീയസംഘർഷങ്ങളുടെ കരിനിഴൽ യൂണിവേഴ്സിറ്റി കോളേജിൽ വീണിട്ടുണ്ടല്ലോ?ചേരിതിരിഞ്ഞുള്ള അക്രമങ്ങളും ഇടിമുറികളും ഉണ്ടെന്നത് വാസ്തവമാണോ?...ഉത്തരം നൽകിയത് ഒന്നാംവർഷ വിദ്യാർത്ഥികളാണ്.'എല്ലാവർക്കും രാഷ്ട്രീയമുണ്ട് പാർട്ടിക്കാര്യത്തിൽ മാത്രമല്ല,ഓരോ സാമൂഹ്യവിഷയങ്ങളിലും.എന്നാൽ,പുറത്ത് പറഞ്ഞുകേൾക്കുന്ന അക്രമകഥകൾ ഞങ്ങൾ ഇവിടെ കണ്ടിട്ടില്ല...'തിരഞ്ഞെടുപ്പ് കാലം സിരകളിൽ നിറയ്ക്കുന്ന ആവേശത്തിന് കണക്കില്ല. ആർട്സും സ്പോർട്സും കോളേജിന്റെ മുഖമുദ്രയാണ്. ഒരുവട്ടമെങ്കിലും അവയിൽ പങ്കെടുക്കാത്തവർ വിരളം. ക്ലാസ് കട്ട് ചെയ്ത് കൊടിപിടിച്ചു നടക്കുന്നവർ എന്ന് പാർട്ടിപ്രവർത്തകരെ വിമർശിക്കാൻ വരട്ടെ.നിലവിൽ,ഫിലോസഫിയിൽ റിസർച്ച് ചെയ്യുന്ന അനുജിത്ത് എസ്.എഫ്.ഐയിൽ സജീവമായിരിക്കെ തന്നെ എം.എയ്ക്ക് ഒന്നാംറാങ്ക് നേടിയത് ചരിത്രം.
ഞങ്ങൾ ഹാപ്പിയാണ്...
'അതാണ് ഞങ്ങടെ ഉട്ടോപ്പിയ...'കോളേജിന്റെ മുന്നിൽ മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ പറഞ്ഞു...ഒഴിവുസമയം പോയിരിക്കാൻ ഏറെ ഇഷ്ടമുള്ള സ്ഥലത്തിന് ആ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെങ്കിലും 'പറ്റ് പറയുന്ന' ക്യാന്റീനിന്റെയും എൻ.എസ്.എസ് കോർണറിന്റെയുമൊപ്പം ഉട്ടോപ്പിയയ്ക്കും വിദ്യാർത്ഥികൾക്കിടയിൽ പകരംവയ്ക്കാനാവാത്ത സ്ഥാനമുണ്ട്. മുടിനീട്ടി വളർത്തിയ ആൺകുട്ടികളും വെട്ടിക്കുറച്ച പെൺകുട്ടികളും ഇവിടെയുണ്ട്. അറ്റൻഡൻസിനായുള്ള സമ്മർദ്ദവും കുറവാണ്. കോളേജ് പോലെ വിശാലമാണ് ഇവിടുത്തെ വിദ്യാർത്ഥികളുടെ ചിന്തകളും.സമൂഹത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്തുചാടാൻ ശ്രമിക്കുന്ന ചിത്രശലഭങ്ങളാണ് ഇവിടെയാകെയും....
1968-71ബാച്ചിൽ കെമിസ്ട്രി വിഭാഗത്തിലാണ് കോളേജിൽ പഠിച്ചത്.യൂണിവേഴ്സ്റ്റി കോളേജിൽ ലഭിക്കുന്ന സ്വാതന്ത്ര്യം മറ്റ് കോളേജുകളിൽ ലഭിക്കുമോയെന്ന് സംശയമുണ്ട്.വലിയ നിയന്ത്രണങ്ങളില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് സ്വയം കണ്ടെത്താനുള്ള അവസരം ലഭിക്കും. കോളേജിന്റെ സമീപത്തുള്ള അയ്യങ്കാളിഹാൾ,യൂണിവേഴ്സിറ്റി ലൈബ്രറി,കോഫി ഹൗസ് എന്നിവ സാംസ്കാരികവിനിമയത്തിന് വേദിയൊരുക്കി.
ഷാജി.എൻ.കരുൺ,സംവിധായകൻ
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമമാണ് കോളേജിന്റെ ശക്തി.
വിധു,യൂണിയൻ ചെയർപേഴ്സൺ