
കടയ്ക്കാവൂർ: വർഷങ്ങളായി കട്ടപ്പുറത്തായിരുന്ന സ്‌കൂൾബസ് നിരത്തിലിറക്കാൻ നാടൊന്നാകെ കൈകോർത്തു. കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിലെ സ്‌കൂൾ ബസാണ് വലിയൊരു കൂട്ടായ്മയുടെ ശ്രമഫലമായി തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും പരമാവധി ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന് സ്‌കൂളിലെ രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും സംയുക്തമായി ബസ് കമ്മിറ്റി രൂപവത്കരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് ഒടുവിൽ ലക്ഷ്യംകണ്ടത്. സ്‌കൂളിൽ രണ്ട് ബസുകളാണുള്ളത്. കൊവിഡ് സമയത്ത് കയറ്റിയിട്ട ഇവ പിന്നീട് നിരത്തിലിറക്കിയിരുന്നില്ല. യാത്രാസൗകര്യമില്ലാത്തതിനാൽ സ്‌കൂളിൽ വിദ്യാർത്ഥികൾ കുറയാനും തുടങ്ങി. പി.ടി.എ പ്രസിഡന്റ് റസൂൽഷാൻ മുൻകൈയെടുത്ത് ചില സ്വകാര്യവാഹനങ്ങൾ ഏർപ്പാടാക്കിയിരുന്നതിനാലാണ് കുട്ടികൾ സ്‌കൂളിൽ വന്നുപോയിരുന്നത്. ബസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ പദ്ധതിയിലൂടെയാണ് ബസിറക്കാനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഒന്നരലക്ഷത്തോളം രൂപ ചെലവ് വന്നു. ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈലജാബീഗം പതാകവീശി സ്കൂൾ ബസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസൂൽഷാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല, സ്ഥിരംസമിതി അദ്ധ്യക്ഷ ബീനാരാജീവ്, പഞ്ചായത്തംഗം സജികുമാർ, ബിനുവേലായുധൻ, എസ്.മുരളീധരൻ, പ്രിൻസിപ്പൽ എസ്.ശ്രീദേവി അമ്മ, പ്രഥമാദ്ധ്യാപിക ടി.എ.ഷീജ തുടങ്ങിയവർ പങ്കെടുത്തു.