drug

തിരുവനന്തപുരം: ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമകളാക്കി അരുംകൊലകൾക്കും അകാലമരണത്തിനും വഴിയൊരുക്കുന്ന രാസലഹരി (സിന്തറ്റിക്-ഡ്രഗ്) കേരളത്തിൽ സുലഭം. നാഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കും അത് വ്യാപിച്ചു. അന്യസംസ്ഥാനങ്ങളിലെയും വിദേശത്തെയും ലാബുകളിലുണ്ടാക്കുന്ന, നിറവും മണവുമില്ലാത്ത രാസലഹരിയാണിവ. സമൂഹമാദ്ധ്യമങ്ങൾവഴിയടക്കം വില്പനനടക്കുന്നു. എക്സൈസിനോ പൊലീസിനോ തടയാനാവുന്നില്ല. അഫ്ഗാൻ, ആഫ്രിക്കൻ രാസലഹരികളാണ് കൂടുതൽ അപകടകരം. 100രൂപയ്‌ക്ക് പത്തുമണിക്കൂർ ഉന്മാദത്തിലാക്കുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾസുലഭം. സ്റ്റാമ്പ്,സ്റ്റിക്കർ,ഗുളിക,ചോക്ലേറ്റ്,ച്യൂയിംഗം രൂപത്തിലും പഞ്ചസാരയും ഉപ്പുംപോലെ തരികളായും രാസലഹരി ലഭ്യമാണ്.

കൊച്ചിയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയിൽനിന്ന് പിടിച്ച 'പാരഡൈസ്- 650' രാസലഹരി 48മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കുന്നതാണ്. കൂടിപ്പോയാൽ മരണമുറപ്പ്. ആഘോഷപാർട്ടികളിലും കോളേജ് ഹോസ്റ്റലുകളിലുമെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ രാസലഹരിയുപയോഗിക്കുന്നു. 382വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത് ലഹരി ഇടപാട് കണ്ടെത്തിയിരുന്നു.

കേരളം മൂന്നാമത്

രാസലഹരി ഉപഭോഗത്തിൽ രാജ്യത്ത് മൂന്നാമതാണ് കേരളം. ഒരുവർഷത്തിനിടെ പിടികൂടിയ എം.ഡി.എം.എയിൽ മാത്രം 1300 ശതമാനമാണ് വർദ്ധന. കടത്തുന്നതിന്റെ ഒരുശതമാനം പോലും പിടികൂടുന്നുമില്ല. എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ രാസലഹരികൾ ബംഗളൂരുവിൽ നിന്നാണ് കൂടുതലായെത്തുന്നത്. തിരുവോണദിനത്തിൽ കൊല്ലത്ത് സ്കൂട്ടർയാത്രികയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ വില്ലൻ രാസലഹരിയാണ്. ആഗസ്റ്റിൽ തലസ്ഥാനത്ത് യുവാവിനെ കല്ലുകളും മരക്കഷണങ്ങളുമുപയോഗിച്ച് അടിച്ചുകൊന്ന സംഭവത്തിനുപിന്നിലും വില്ലൻ രാസലഹരിതന്നെ.

കടൽകടന്നും വരും

1. ഇറാൻ,പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് കടൽമാർഗ്ഗം രാസലഹരിയെത്തുന്നു. അഫ്ഗാൻ,ആഫ്രിക്കൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദലഹരിയായ 'മെത്ത്ട്രാക്‌സും' കേരളത്തിൽ സുലഭം.

2. പേജുകളിൽ എൽ.എസ്.ഡി സ്റ്റാമ്പൊട്ടിച്ച പുസ്തകങ്ങൾ കൊറിയറിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വിമാനത്തിലും ട്രെയിനിലും റോഡുവഴിയും ലഹരിയെത്തിക്കുന്നുണ്ട്.

പല്ലുകൊഴിയും, അകാലമരണവും

1.രാസലഹരിയുപയോഗിച്ചാൽ വായിലെ തൊലിയും പല്ലും പോവും. ഉറക്കംനഷ്ടപ്പെടും. ഭക്ഷണവും വെള്ളവും വേണ്ടാതാവും. തലച്ചോറിന്റെ താളംതെറ്റുന്നതോടെ വിഷാദരോഗവും ആത്മഹത്യാപ്രവണതയുമുണ്ടാവും.

2. വിദേശത്തുനിന്നെത്തുന്ന എൽ.എസ്.ഡി സ്റ്റാമ്പിന്റെ അമിതോപഭോഗം അബോധാവസ്ഥയിലാക്കും, അകാലമരണത്തിന് സാദ്ധ്യതയേറും.

3. രക്തസമ്മർദ്ദവും താപനിലയും അസാധാരണമായി ഉയരുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതംഎന്നിവയ്ക്കിടയാക്കും. മൂക്കിലൂടെ വലിച്ചുകയറ്റുന്നത് ശ്വാസകോശത്തെ തകരാറിലാക്കും.

കാളകൂടം

ക്രിസ്റ്റൽരൂപത്തിലെ എം.ഡി.എം.എ കാളകൂടം എന്നറിയപ്പെടുന്നു. ഐസ്-മെത്ത്,കല്ല്,പൊടി, കൽക്കണ്ടം,ക്രിസ്റ്റൽ-മെത്ത്,ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്,ഷാർഡ്, ബ്ലൂ,ഐസ്-ക്രിസ്റ്റൽ,സ്പീഡ് എന്നീ പേരുകളുമുണ്ട്.

800%

ലഹരിക്കേസുകളിലെ വാർഷിക വർദ്ധനവ്

25,000കോടി രൂപയുടെ രാസലഹരിയാണ്

കൊച്ചിയിൽ കപ്പലിൽ നിന്ന് 2023ൽ പിടിച്ചത്