hi

കിളിമാനൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് കിളിമാനൂരിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീൻകേരള കമ്പനി തുടങ്ങിയവർ ക്യാമ്പയിന് ഏകോപനം വഹിക്കും. ജനകീയ യജ്ഞത്തിലൂടെ സംസ്ഥാനത്തെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളാക്കി മാറ്റിയും ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കിയും ഓഫീസുകളെല്ലാം തന്നെ സമ്പൂർണ ഹരിത ഓഫീസുകളാക്കിയും പ്രധാന ടൗണുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവ ശുചീകരിച്ച് മനോഹരമാക്കിയും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കിയും മുഴുവൻ നീർച്ചാലുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും ഈ ക്യാമ്പയിൻ വിപുലീകരിക്കും. ജില്ലയിലെ പഞ്ചായത്തുകളിൽ പഞ്ചായത്തുതല പരിപാടികളും 355 വാർഡുതല പരിപാടികളും ഉദ്ഘാടനം നടത്തി ആരംഭിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ജില്ലയിൽ 37 ബോട്ടിൽ ബൂത്തുകളും 6 ടേക്ക് എ ബ്രേക്കുകളും അഞ്ച് എം.സി.എഫുകളും 15 തുമ്പൂർ മൊഴികളും രണ്ട് ഹരിത ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളും ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ.മനോജ്,ഡി.സ്മിത,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.വി,എസ്.അനിൽകുമാർ,വല്ലൂർ രാജീവ്,ബി.ജയൻ,ദീപക്.ബി,ബിനിൽ.എസ്,ബാബുരാജ്.ജെ,കേരളം മിഷൻ ജില്ലാകോഓർഡിനേറ്റർ സി.അശോക്,പഞ്ചായത്ത് സെക്രട്ടറി എസ്. പ്രവീൺ എന്നിവർ പങ്കെടുത്തു.