hi

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനകത്ത് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാകുമ്പോൾ നോക്കുകുത്തിയായി പൊലീസ് എയ്ഡ് പോസ്റ്റ്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് അനാഥമായിരിക്കുന്നത്. ബസ് സ്റ്റാൻഡിനകത്തെ നിത്യേനയുള്ള വിദ്യാർത്ഥികളുടെ സംഘർഷവും ലഹരി ഉത്പന്നങ്ങളുടെ വില്പനയും സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ധിച്ചപ്പോൾ നാട്ടുകാരുടെയും വ്യാപാരികളുടെയും പഞ്ചായത്തിന്റെയും നിരന്തര ആവശ്യവും അഭ്യർത്ഥനയും പരിഗണിച്ചാണ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് എയ്ഡ് പോസ്റ്റിന് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഒ.എസ്. അംബിക എം.എൽ.എ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യ കുറച്ച് ദിവസങ്ങളിൽ ഇവിടെ പൊലീസ് ഉണ്ടായിരുന്നങ്കിലും പിന്നെ അപ്രത്യക്ഷമായി. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന ഇവിടെ ലഹരി ഉപയോഗ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും വിദ്യാർത്ഥി സംഘർഷങ്ങളും പതിവാണ്. വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനക്കാരും ഇവിടെ എത്തുന്നു. സ്കൂൾ കുട്ടികളെത്തുന്ന സമയം ലക്ഷ്യമാക്കി എത്തുന്ന പൂവാലൻമാരുടെ എണ്ണവും കൂടുതലാണ്. അനധികൃത പാർക്കിംഗും നിത്യ സംഭവമാണ്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇവർ കടന്നുകളഞ്ഞിരിക്കും. ഇതിന് പരിഹാരമായി പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.