k

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡ് എടുത്തവർക്ക് അതുപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്നില്ല. കൊടുത്ത പണം തിരിച്ചുകിട്ടുന്നുമില്ല.

യാത്രക്കാർക്ക് റീചാർജ് ചെയ്‌ത് ഉപയോഗിക്കാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡ് 2022 സെപ്തംബറിലാണ് പുറത്തിറക്കിയത്.

അടുത്തിടെ ആ‌ൻഡ്രോയിഡ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ എത്തിയതോടെയാണ് ട്രാവൽ കാർഡ് ത്രിശങ്കുവിലായത്. പുതിയ ടിക്കറ്റ് മെഷീനിൽ ക്യു.ആർ കോ‌ഡ് സ്കാൻ ചെയ്ത് ടിക്കറ്റിനുള്ള പണം നൽകാനുള്ള സംവിധാനമുണ്ട്. എന്നാൽ കാർഡ് സ്വൈപ്പ് ചെയ്യാനുള്ള സംവിധാനം ഇല്ല. ഇതോടെ ട്രാവൽ കാർഡ് ബസുകളിൽ എടുക്കാതെയായി. കൊടുത്ത പണത്തിനായി ഡിപ്പോകളെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.

ട്രാവൽ കാർ‌ഡ് വ്യാപകമായി നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലാണ് ആൻഡ്രോയിഡ് മെഷീന്റെ പരീക്ഷണവും നടത്തുന്നത്.

ആൻഡ്രോയിഡിൽ

പലതും നടപ്പിലായില്ല

# പുതിയ ആൻഡ്രോയിഡ് ടിക്കറ്റിംഗ് മെഷീനുകൾ കഴിഞ്ഞ ഡിസംബർ 27 മുതലാണ് തിരുവനന്തപുരം ജില്ലയിലെ 90 സ്വിഫ്ട് സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും പരീക്ഷിച്ചു തുടങ്ങിയത്.

# ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കാമെന്നും ബസുകളുടെ ലൈവ് ലൊക്കേഷൻ ചലോ ആപ്ലിക്കേഷനിലൂടെ യാത്രക്കാരന് അറിയാനാകുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ആകെ നടക്കുന്നത് ക്യൂ.ആർ കോഡ് വഴിയുള്ള പണം സ്വീകരിക്കൽ മാത്രം.

സ്മാർട്ട് കാർഡിൽ

മുൻകൂർ പണം

1. കെ.എസ്.ആർ.ടി.സിക്ക് മുൻകൂറായി പണം ലഭിക്കും

2. റീ ചാർജ് ചെയ്ത് യാത്ര ചെയ്യാം

3. ചില്ലറയില്ലെന്ന പ്രശ്നത്തിന് പരിഹാരം

4. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ കാർഡിലെ ബാലൻസ് പരിശോധിക്കാം

5. കാർഡുകാർ കൂടുതലുള്ള റൂട്ടുകളിൽ ഷെഡ്യൂളുകൾ ക്രമീകരിക്കാം

6.കാർഡുകൾ വേണ്ടപ്പെട്ടവർക്കും കൈമാറി ഉപയോഗിക്കാം.

7. നൂറുരൂപയ്‌ക്ക് കാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും.