
നേമം: പള്ളിച്ചൽ പഞ്ചായത്തിൽ ലക്ഷങ്ങൾ വിലയുള്ള ആംബുലൻസും ചവർ ശേഖരണവണ്ടിയും ഷെഡിലായിട്ട് വർഷങ്ങൾ.വാഹനങ്ങൾ യഥാസമയം റിപ്പയർ ചെയ്യാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാട്ടി പൊതുമുതൽ നശിപ്പിക്കുന്നതായി ആക്ഷേപം.
പള്ളിച്ചൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിപണിയിൽ 20 ലക്ഷത്തിലേറെ രൂപ വില വരുന്ന ഒരു ആംബുലൻസും മാലിന്യശേഖരണത്തിനുള്ള ഒരു പെട്ടി ഓട്ടോയുമാണ് നിസാര തകരാറുകളെ തുടർന്ന് വർഷങ്ങളായി ഷെഡിൽ കിടക്കുന്നത്.നാല് വർഷം മുൻപുവരെ പ്രവർത്തനക്ഷമമായിരുന്ന ആംബുലൻസാണ് നിസാര തകരാറുകളെ തുടർന്ന് ഷെഡിൽക്കിടക്കുന്നത്.
റിപ്പയറിംഗ് നീണ്ടതോടെ ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുകയാണ്.ഇതോടെ ഇതിനി നന്നാക്കേണ്ടെന്ന തീരുമാനത്തിലാണ് പഞ്ചായത്ത്.
ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിനായി വീടുവീടാന്തരം മാലിന്യം ശേഖരിക്കുന്നതിനായിരുന്നു പെട്ടി ഓട്ടോ.ചെറിയ അറ്റകുറ്റപ്പണി വന്നതോടെ അതും ഷെഡ്ഡിലായി.നന്നാക്കിയെടുക്കാൻ പഞ്ചായത്തും മിനക്കെട്ടില്ല. ഇതെല്ലാം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ കാലത്തായിരുന്നു. ഇപ്പോൾ ടേൺ അനുസരിച്ചെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് പഴയ ആംബുലൻസ് ഇനി കൊള്ളില്ലെന്നും നാട്ടുകാരുടെ ആവശ്യങ്ങൾ മുൻ നിറുത്തി പഞ്ചായത്ത് ഉടൻ പുതിയ ആംബുലൻസ് വാങ്ങുമെന്നുമാണ്.