തിരുവനന്തപുരം: ഗാന്ധിയൻ ദർശനം ലോകചിന്തകളിൽ അത്യുത്തമമാണെന്നും സത്യത്തിന്റെയും അഹിംസയുടെയും ചിന്തകൾ പ്രചരിപ്പിക്കേണ്ടത് നമ്മുടെ ദൗത്യമാണെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഗാന്ധി സ്മാരക നിധി നേതൃത്വം നൽകുന്ന 'നമുക്കും വാങ്ങാം ഒരു ജോഡി ഗാന്ധി വസ്ത്രം' എന്ന ക്യാമ്പയിൻ തൈക്കാട് ഗാന്ധിസ്മാരക നിധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധിദർശനം കാലോചിതമായി ജനങ്ങൾക്ക് മുന്നിലേക്ക് പരിചയപ്പെടുത്താൻ മുതിർന്ന തലമുറ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഗാന്ധിജയന്തി മാസാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ പറഞ്ഞു.ദേശീയ ബാലതരംഗം ചെയർമാൻ ടി.ശരത്ചന്ദ്ര പ്രസാദ്, ഗാന്ധി സ്മാരകനിധി വർക്കിംഗ് ചെയർമാൻ ഡോ.ജേക്കബ് പുളിക്കൻ, വൈസ് ചെയർമാൻ ജി.സദാനന്ദൻ, ഉപദേശക സമിതി അംഗം എസ്.രാജശേഖരൻ നായർ, ഭരണസമിതി അംഗങ്ങളായ ബി.ജയചന്ദ്രൻ, എസ്.ഉദയകുമാർ, പ്രോഗ്രാം കോർഡിനേറ്റർ വി.കെ.മോഹൻ, ഡോ.ജി.രാജേന്ദ്രൻ പിള്ള, കൗൺസിലർ മാധവദാസ് എന്നിവർ സംസാരിച്ചു.