
വർക്കല: ഇടവ വെറ്റക്കട കടപ്പുറത്ത് ദൂരപരിധി ലംഘിച്ച് ഫിഷിംഗ് ബോട്ടുകൾ തീരക്കടലിലെത്തി മീൻ പിടിക്കുന്നതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തം. തീരദേശ റോഡുപരോധം ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളില്ല. നീണ്ടകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിൻ ഘടിപ്പിച്ച വലിയ ബോട്ടുകളാണ് ദൂരപരിധി ലംഘിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പ്രവണതയാണ്. മാത്രമല്ല തീരത്തോട് ചേർന്നുള്ള പാരുകളിൽ മീനുകൾ മുട്ടയിടുന്ന കാലവുമാണിത്. തീരക്കടലിൽ വലിയ ബോട്ടുകളെത്തി വലയിടുന്നതോടെ പാരുകളും പാരുകളിലെ മുട്ടകളും ഇവിടം ആവാസമാക്കിയ മത്സ്യങ്ങളും ഇല്ലാതായിപ്പോകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വലിയ ബോട്ടുകൾ തീരത്തേക്ക് കടന്നുകയറിയുള്ള മീൻപിടിത്തം നിയമലംഘനമാണ്. ചെറുവള്ളങ്ങളും ചാളത്തടികളും ചെറുബോട്ടുകളുമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ഇടവ,വെറ്റക്കട,ശ്രീയേറ്റ്,മാന്തറ ഭാഗങ്ങളിലെ ആയിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയാണ് ബാധിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. വർഷങ്ങളായുള്ള അതിക്രമിച്ചുകയറലിപ്പോഴും തുടരുകയാണ്.
ഉറപ്പുകൾ പാഴാകുന്നു
ഇക്കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും കഴിഞ്ഞ വർഷം നിരവധി തവണയും തീരക്കടലിൽ അതിക്രമിച്ചു കയറി വലയിട്ട വലിയ ബോട്ടുകളിലെ തൊഴിലാളികളും വെറ്റക്കടയിലെ തൊഴിലാളികളും തമ്മിൽ കടലിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പലതവണ വള്ളങ്ങൾ റോഡിനു കുറുകെയിട്ട് മണിക്കൂറുകൾ നീണ്ട ഉപരോധസമരവും നടത്തി. കർശനനടപടികൾ കൈക്കൊള്ളുമെന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ ഉറപ്പിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചതെങ്കിലും ഉറപ്പുകൾ പാഴാകുന്നതല്ലാതെ നിയന്ത്രണനടപടികൾ ഉണ്ടാവുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
നഷ്ടം സഹിച്ച് എത്രനാൾ
ചെറു ഫൈബർ വള്ളങ്ങളിൽ വലിയ ഫിഷിംഗ് ബോട്ടുകൾ കൊണ്ടിടിച്ച് അപകടം സംഭവിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയുയരുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തീരക്കടലിൽ വിരിച്ച വലകളും വലിയ ബോട്ടുകൾ വിരിച്ച വലയിൽ കുരുങ്ങി നശിച്ച് ഉപയോഗയോഗ്യമല്ലാതാകുന്നു.