k

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എൻ.സി.പി നേതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും തുടർ നടപടികൾ.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവരാണ് മുഖ്യമന്ത്രിയെ കാണുന്നത്.

അതേസമയം, ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം പി.സി.ചാക്കോ തള്ളി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രൻ വിഭാഗം വിളിച്ചുചേർക്കുന്ന യോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും സൂചനയുണ്ട്. എൻ.സി.പിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ നീക്കമിടുന്നതായും അതിന്റെ ഭാഗമായാണ് ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്നതെന്നുമാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ആരോപണം. എന്നാൽ,​ ഇതെല്ലാം ഔദ്യോഗിക നേതൃത്വം തള്ളി.