cm

തിരുവനന്തപുരം: വികസന, ക്ഷേമ പ്രവർത്തനങ്ങൾ എല്ലാവർക്കും ഉപകരിക്കണമെന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അത്തരം പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും പിന്നോട്ടു പോകില്ല. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം സമുദായത്തിൽ നിന്ന് 10 ബി.എക്കാരെ കണ്ടിട്ട് മരിക്കണമെന്നാണ് അയ്യങ്കാളി ആഗ്രഹിച്ചത്. ആ കേരളത്തിൽനിന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ നൽകുന്ന പൂർണ്ണ സ്‌കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിന് മാതൃകയാണ്.

ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ പട്ടികജാതി,​ പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ വലിയ വെട്ടിക്കുറവ് വരുത്തി. മുൻവർഷം 1,078 കോടിയായിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഇത്തവണ 921 കോടിയായി കുറച്ചു. 90 കോടിയായിരുന്ന പിന്നാക്ക വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് 50 കോടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച പഞ്ചായത്തുകൾക്കുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ഒന്നാംസ്ഥാനത്തെത്തിയ അഗളി ഗ്രാമപഞ്ചായത്തിന് 5 ലക്ഷംരൂപ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 3, 2 ലക്ഷം രൂപയുമാണ് പുരസ്കാരം.

മന്ത്രി ഒ.ആർ.കേളു അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഒ.എസ്.അംബിക, വി.ജോയ്, വി.ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌ കുമാർ, വൈസ്‌ പ്രസിഡന്റ് ഷൈലജ ബീഗം,​ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി,​ ബി.പി. മുരളി,​ എസ്.സി,​ എസ്.ടി വകുപ്പ് ഡയറക്ടർ ഡോ.രേണുരാജ്,​ വണ്ടിത്തടം മധു തുടങ്ങിയവർ സംസാരിച്ചു.