
കളിയിക്കാവിള: നവരാത്രി നാളുകളിൽ അനന്തപുരിക്ക് അനുഗ്രഹപുണ്യം ചൊരിയുന്നതിനായി ഘോഷയാത്രയായി എത്തുന്ന വിഗ്രഹങ്ങൾക്ക് ഇന്ന് നഗരം വരവേല്പ് നൽകും.ഘോഷയാത്ര കരമന ആവടിഅമ്മൻ കോവിലിനു മുന്നിൽ എത്തുമ്പോൾ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയെ എഴുന്നള്ളിക്കും. അതുവരെ പല്ലക്കിലാണ് കുമാരസ്വാമിയുടെ വിഗ്രഹം കൊണ്ടുവരുന്നത്.
ഇന്നലെ കേരള തമിഴ്നാട് സായുധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി ഗാർഡ് ഒഫ് ഓണർ നൽകിയതിനെ തുടർന്നാണ് ഘോഷയാത്രയെ കേരളത്തിലേക്ക് ആനയിച്ചത്.സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ വൻ സ്വീകരണമാണ് നൽകിയത്.
സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിലായിരുന്നു വിഗ്രഹഘോഷയാത്രയെ സ്വീകരിച്ചത്.രാവിലെ മുതൽ മഴ പെയ്തുകൊണ്ടിരുന്നെങ്കിലും സ്വീകരണച്ചടങ്ങിന് സാക്ഷിയാകാൻ നൂറുക്കണക്കിനാളുകൾ എത്തിയിരുന്നു.
ദേശീയപാതയോരത്തെ സ്വീകരണവേദിയിൽ നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും,പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രത്യേകം പ്രത്യേകമായി പൂജാനിവേദ്യങ്ങൾ സമർപ്പിച്ച് വിഗ്രഹഘോഷയാത്രയെ സ്വീകരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും സ്വീകരണച്ചടങ്ങ് നടന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, മുൻമന്ത്രിമാരായ പന്തളം സുധാകരൻ,വി.എസ്.ശിവകുമാർ,തമിഴ്നാട് കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാ രാമകൃഷ്ണൻ,കന്യാകുമാരി ജില്ലാ ദേവസ്വം കമ്മീഷണർ പളനികുമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ പാറശാല മഹാദേവർ ക്ഷേത്രത്തിലെത്തി വിശ്രമിച്ച ശേഷം രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങളെ അവിടെയിറക്കി പൂജ നടത്തി.ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആചാരപരമായ ഗംഭീര വരവേല്പാണ് നൽകിയത്. ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാരൻ നായർ.ടി,സെക്രട്ടറി അഡ്വ.എസ്.പ്രമോദ്,വൈസ് പ്രസിഡന്റ് രതീഷ് കുമാർ,ദേവസ്വം അസി.കമ്മീഷണർ അരുൺ.എസ്,സബ് ഗ്രൂപ്പ് ഓഫീസർ അരുൺ.ജി.ഐ,ഉപദേശക സമിതിയംഗങ്ങളായ കിരൺകുമാർ,സാജൻ,ശരത് കുമാർ,പി.ബി.ജൈനേന്ദ്രകുമാർ,ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് നഗരാതിർത്തിയായ നേമത്തും സ്വീകരണം നൽകും.