mg

ജനങ്ങൾക്ക് ആശ്വാസമായത് കേരളകൗമുദി വാർത്ത

തെരുവുനായ ശല്യം കുറഞ്ഞു, പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളും ഹാപ്പി

തിരുവനന്തപുരം : മാലിന്യം കുന്നുകൂട്ടാൻ കോർപ്പറേഷൻ ജീവനക്കാരും ജനങ്ങളും മത്സരിച്ചതോടെ റോഡുനീളെ മാലിന്യം നിറഞ്ഞ് ദുർന്ധം വമിച്ചിരുന്ന കേശവദാസപുരം എം.ജി.കോളേജിന് പിറകുവശം ക്ലീനാക്കി. കേശവദാസപുരം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ദുരിതം കേരളകൗമുദി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കോർപ്പറേഷൻ അധികൃതർ നടപടിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മാലിന്യം നീക്കി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.സ്ക്കൂളിന് മുൻവശം മുതൽ വ്യാസനഗറിൽ അരക്കിലോമീറ്റളം റോഡിനിരുവശങ്ങളിലും തള്ളിയിരുന്ന മാലിന്യം നീക്കംചെയ്തു. ഇവിടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കരുതെന്നും മാലിന്യം നീക്കിയ സ്ഥലത്ത് പുറത്തുനിന്നുള്ള മാലിന്യം എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുചീകരണ വിഭാഗം ജീവനക്കാർക്ക് നിർദ്ദേശം നൽകി.

വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണമാലിന്യം വീപ്പകളിൽ നിറച്ചും കവറിൽ കെട്ടിയും കുടുംബശ്രീക്കാർ നിരത്തിവയ്ക്കുന്നതും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം തരംതിരിച്ച ശേഷം യഥാസമയം നീക്കം ചെയ്യാത്തതും പ്രദേശത്ത് മാലിന്യം കുന്നുകൂടി. ഇതോടെ ഹോട്ടൽമാലിന്യം ഉൾപ്പെടെ രാത്രിയുടെ മറവിൽ ഇവിടെ തള്ളുന്നതായി പ്രദേശവാസികൾ ആരോപിപ്പിച്ചിരുന്നു. പകർച്ചവ്യാധികൾ പിടിമുറുക്കുന്ന മഴക്കാലത്ത് നാടുനീളെ ശുചീകരണം നടക്കുമ്പോൾ ഈ പ്രദേശത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പ്രദേശവാസികൾ പലവട്ടം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. രാത്രിയും പകലും തെരുവുനായ ശല്യം കൂടി വർദ്ധിച്ചതോടെ നടക്കാനും കഴിയാത്ത സ്ഥിതിയായി. സമീപത്തെ എൻ.എസ്.എസ് ഐ.എ.എസ് അക്കാഡമിയുടെ പ്രവർത്തനത്തെയും മാലിന്യനിക്ഷേപം സാരമായി ബാധിച്ചു. മാലിന്യം നീക്കിയതോടെ തെരുവുനായ ശല്യം കുറഞ്ഞെന്നും കുട്ടികൾക്ക് സുഗമമായി സ്കൂളിലേക്ക് പോകാൻ സാധിക്കുന്നുണ്ടെന്നും വ്യാസനഗറിലുള്ളവർ പറഞ്ഞു.