തിരുവനന്തപുരം: 68ാമത് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്നലെ വൈകിട്ട് 5ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 75 സ്‌കൂൾ - കോളേജുകളിൽ നിന്ന് 2000 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നു. 244 ഇനങ്ങളിലായി ആൺ - പെൺ വിഭാഗത്തിൽ 10 വയസ് മുതൽ 25 വരെയുള്ളവർ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10 മുതൽ 13 വരെ മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം. 28 മുതൽ ഭുവനേശ്വറിലാണ് നാഷണൽ ചാമ്പ്യൻഷിപ്പ്. ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്
കെ.ആനന്ദ് കുമാർ അദ്ധ്യക്ഷനായി.
കോച്ചുകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രതിപക്ഷനേതാവ് വിതരണം ചെയ്തു. പ്രതിപക്ഷനേതാവിന് അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സുധീർ എസ്.എസ്, കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ റസിയ, എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് വൃന്ദാകുമാരി, ട്രഷറർ ഷെർളി ജോൺ, രക്ഷാധികാരി എസ്. പഴനിയാപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി കെ. രാമചന്ദ്രൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം.ക്ളീറ്റസ് നന്ദിയും പറഞ്ഞു.
92 ഇനങ്ങളുടെ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. നാളെ വൈകിട്ട് 4.30ന് സമാപന ചടങ്ങുകൾ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും.
 ഷോട്ട്പുട്ടിൽ നിന്ന് ലോംഗ്‌ജമ്പിലെത്തി, ഒന്നാമനായി അഖിൽ
തിരുവനന്തപുരം: സ്‌കൂൾതലത്തിൽ ഷോട്ട്പുട്ടിൽ മത്സരിച്ചിരുന്ന അഖിൽ ജോസിനെ കോളേജിലെത്തിയപ്പോൾ ലോംഗ് ജംപിന്റെ ഉയരങ്ങളിൽ എത്തിച്ചത് പരിശീലകൻ വിനയചന്ദ്രന്റെ നിർദ്ദേശമാണ്. ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനമാണ് അഖിലിന്. 6.11 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്. യൂണിവേഴ്സിറ്റി കോളേജിൽ ബി.എ ഹിസ്റ്ററി ഒന്നാംവർഷ വിദ്യാർത്ഥിയാണ് പൂവാർ സ്വദേശിയായ അഖിൽ. അച്ഛൻ:ജോസ്. അമ്മ:ഷീബ.
 ഹൈജമ്പിൽ 'തമിഴ് കുതിപ്പുമായി ' ദേവകാർത്തിക്
തിരുവനന്തപുരം: അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരം ഇന്നലെ 'തമിഴ് കുതിപ്പിന് ' സാക്ഷ്യംവഹിച്ചു. തിരുനെൽവേലി വടക്കൻകുളം സ്വദേശി ദേവകാർത്തികാണ് 20 വയസിൽ താഴെ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ ഒന്നാമതെത്തിയത്.
കായികരംഗത്തെ നേട്ടങ്ങളും ആർമിയിലെ സേവനവും സ്വപ്നം കണ്ടാണ് ദേവകാർത്തിക് കേരളത്തിലെത്തിയത്. ഒരുവർഷമായി കേരള യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ദേവകാർത്തികിന്റെ ആദ്യ ചാമ്പ്യൻഷിപ്പാണിത്. 1.91 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്. ഇന്ന് ട്രിപ്പിൾ ജമ്പിലും മത്സരിക്കും. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയാണ്. കെ.രാജീവനാണ് പരിശീലകൻ.
 ഷോട്ട്‌പുട്ടിൽ തിളങ്ങി ആദ്യ
തിരുവനന്തപുരം: 20 വയസിൽ താഴെയുള്ളവരുടെ ഷോട്ട് പുട്ട് മത്സരത്തിൽ താരമായി ആദ്യ ആദർശ്. 7.33 മീറ്റർ എറിഞ്ഞാണ് ആദ്യ ആദ്യമെത്തിയത്. സ്‌കൂൾതലത്തിൽ സി.ബി.എസ്.ഇ, അമച്വർ ചാമ്പ്യൻഷിപ്പുകളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളിൽ കഴിഞ്ഞ മൂന്നുതവണയും
ജില്ലയിൽ ഒന്നാമതായിരുന്നു. ഷോട്ട്പുട്ടിൽ സി.ബി.എസ്.ഇ ചാമ്പ്യൻഷിപ്പിൽ ദേശീയതലത്തിലും മത്സരിച്ചിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിൽ സൈക്കോളജി ഒന്നാംവർഷ വിദ്യാർത്ഥിയായ
ആദ്യ വട്ടവിള സ്വദേശിയാണ്.
 പോയിന്റ് നില
ആദ്യദിനം 92 ഇനങ്ങൾ പൂർത്തിയായപ്പോൾ 81 പോയിന്റ് നേടി ജി.വി. രാജ സ്‌പോർട്സ് സ്‌കൂൾ മുന്നിലെത്തി. കേരള യൂണിവേഴ്സിറ്റി സ്‌പോർട്സ് ഹോസ്റ്റൽ (60 പോയിന്റ്), എസ്.എ.എം.ജി.എം.ആർ.എസ്.എസ് വെള്ളായണി (18) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.