തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ആരോഗ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകും. എസ്.എ.ടിയുടെ വൈദ്യുതി സംബന്ധമായ പൂർണചുമതല പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിനായിരിക്കെ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തലാണ് ഡി.എം.ഇ റിപ്പോർട്ടിലുമുള്ളത്. രോഗികളുടെ പരിപാലന ചുമതല ഡോക്ടർമാരിൽ നിക്ഷിപ്തമാണ്. എന്നാൽ ആശുപത്രിയുടെ പരിപാലന ചുമതല വിവിധ വകുപ്പുകൾക്കാണ്. എസ്.എ.ടിയ്ക്ക് മാത്രമായി സബ്സ്റ്റേഷനുണ്ട്. അതിന്റെ നിയന്ത്രണം പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിനാണ്. ആശുപത്രിയിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ ആവശ്യമായ മുൻകരുതലെടുക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗമാണ്. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് സാങ്കേതിക പരിജ്ഞാനമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്താൻ മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിൽ എസ്.എ.ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. എസ്.എ.ടി അധികൃതർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗം വിശദമായി കേട്ടശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗവും സമാനമായ റിപ്പോർട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ മുഖേന വൈദ്യുതി മന്ത്രിയ്ക്ക് കൈമാറി. കെ.എസ്.ഇ.ബിയും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഡി.എം.ഇയുടെ റിപ്പോർട്ട് മാത്രമാണ് ഇനി ശേഷിക്കുന്നത്. എസ്.എ.ടി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ മെഡിക്കൽ കോളേജ് വളപ്പിലെ ആശുപത്രികളിലൊന്നും ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ
കെ.എസ്.ഇ.ബി പ്രത്യേക മാർഗനിർദ്ദേശം തയ്യാറാക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇത് പുരോഗമിക്കുന്നത്. ഒരുഘട്ടത്തിലും ആശുപത്രികളിൽ വൈദ്യുതി തടസപ്പെടാതിരിക്കാനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് തയ്യാറാക്കുന്നത്. തുടർന്ന് ഇത് ആരോഗ്യവകുപ്പിന് കൈമാറും.
കൂടുതൽ നടപടിയുണ്ടായേക്കും
സംഭവത്തിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം അസി.എൻജിനിയർ, ഓവർസിയർ എന്നിവരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ നടപടി ഇന്ന് ഉണ്ടായേക്കും. അസി.എക്‌സിക്യൂട്ടീവ് എൻജിനിയർക്കും സംഭവത്തിൽ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അസി.എക്‌സിക്യൂട്ടീവ് എൻജിനിയർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത ഫയൽ വകുപ്പ് സെക്രട്ടറിയ്ക്ക് മുന്നിലാണ്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിവേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.