തിരുവനന്തപുരം: കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്ത് കുടുംബശ്രീ ബാലസദസ്. കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനതലങ്ങൾ വഴിയോ കുടുംബശ്രീ ബാലപാർലമെന്റ് വഴിയോ പരിഹാരമാർഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 19470 വാർഡുകളിലായി സംഘടിപ്പിച്ച ബാലസദസിൽ നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങൾ പങ്കെടുത്തു. കുട്ടികൾ തന്നെയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാമിഷനുകൾ, സ്റ്റേറ്റ് സി.ഡി.എസ് റിസോഴ്സ് പേഴ്സൺമാർ, എ.ഡി.എസ് മെന്റർമാർ, സി.ഡി.എസ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.