തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിന്റെ ആദ്യദിവസം ടാഗോർ തിയേറ്ററിലെത്തിയ കാണികളിൽ പലരും നിരാശരായി. ഓഡിറ്റോറിയത്തിലെ എ.സി പ്രവർത്തിക്കാത്തത്തും മുൻവശത്ത് ലൈറ്റുകളില്ലാത്തതും ആസ്വാദകരെ വലച്ചു. ഇതേ തുടർന്ന് വരുംദിവസങ്ങളിൽ ഇവിടെ നടത്താനിരുന്ന പരിപാടികൾ മറ്റു വേദികളിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. ശോഭന, നവ്യാനായർ, ആശാ ശരത്ത്,​ ലക്ഷ്മി ഗോപാലസ്വാമി ഉൾപ്പെടെയുള്ളവരുടെ നൃത്തം ഇവിടെ നടത്താൻ നിശ്ചയിച്ചിരുന്നതാണ്. 6 വരെയുള്ള പരിപാടികൾ തൈക്കാട് ഗണേശത്തിലേക്കും 7ന് നടത്തേണ്ടിയിരുന്ന ശോഭനയുടെ നൃത്തം എ.കെ.ജി സെന്ററിലേക്കുമായി മാറ്റി. മറ്റു വേദികൾ പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററിലെ എ.സിയുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ മുൻപേ വിമർശനമുയർന്നിരുന്നു. പി.ആർ.ഡിക്കാണ് ടാഗോർ തിയേറ്ററിന്റെ ചുമതല. സൂര്യ ഫെസ്റ്റിവൽ ടാഗോറിൽ നടത്താൻ സംഘാടകരോട് സർക്കാർ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഭാരവാഹികൾ തന്നെ ഓഡിറ്റോറിയത്തിൽ എയർ കൂളർ വച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, ചുരുക്കം ഇരിപ്പിടങ്ങൾ മാത്രമുള്ള തൈക്കാട് ഗണേശത്തിൽ പരിപാടികൾ നടത്തുന്നതിനെപ്പറ്റിയും കാണികൾക്ക് ആശങ്കയുണ്ട്. ടാഗോർ തിയേറ്ററിൽ പോലും കസേരകൾ തികയാത്തതിനാൽ പടികളിൽ ഇരുന്നാണ് പലരും നൃത്തമാസ്വദിച്ചത്.