k
യന്ത്രം വികസപിപ്പിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും

തിരുവനന്തപുരം: ആശുപത്രികളിൽ രോഗികളെ ട്രോളിയിൽ വേഗത്തിൽ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ അഡാപ്റ്റീവ് ട്രോളി ഇ-ഡ്രൈവ് എന്ന ഉപകരണവുമായി ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ.

സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗാന്ധിയൻ യംഗ് ടെക്നോളജിക്കൽ ഇന്നൊവേഷൻ അവാർഡിനും ഇത് അർഹമായി. 2025 മാർച്ചിൽ ഡൽഹിയിൽ ഫെസ്റ്റിവൽ ഒഫ് ഇന്നൊവേഷൻസിൽ രാഷ്ട്രപതി പുരസ്കാരം നൽകും. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് നിർമ്മാണം

ട്രോളിയുടെ പിന്നിൽ മൂന്ന് ചക്രങ്ങളുള്ള ഇ-ട്രോളി ഘടിപ്പിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർ സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും പിന്നിലേക്കെടുക്കാനും സ്വിച്ചുണ്ട്. ഓൺ ചെയ്യുമ്പോൾ ട്രോളിയും നീങ്ങും. വേഗത കൂട്ടാൻ സ്‌കൂട്ടറിലെ പോലെ ആക്സലറേറ്റർ ഉണ്ട്. വീലിന്റെ ഉള്ളിലെ കൺട്രോളർ വേഗത നിയന്ത്രിക്കും. 250കിലോ വരെ നീക്കാനാവും. ഉപകരണത്തിലെ ഒരുമീറ്റർ ഉയരമുള്ള തൂണിൽ രോഗിയുടെ ഐ.വി ലൈൻതൂക്കിയിടാം. മണിക്കൂറിൽ എട്ടുകിലോമീറ്റർ വേഗത കിട്ടും. രോഗിയുടെ സുരക്ഷയ്ക്കായി മണിക്കൂറിൽ മൂന്നുകിലോമീറ്റർ വേഗതയാണ് സെറ്റ് ചെയ്തിട്ടുള്ളത്. ട്രോളിയും ഇ-ഡ്രൈവുമായി ലിഫ്റ്റിലും കയറാം.

വിപണിയിലെത്തും

ബാർട്ടൺഹിൽ ലാബിലാണ് നിർമ്മാണം. എസ്.സി.ടിയിലെ പരീക്ഷണവും വിജയകരമായിരുന്നു. സിംഗപ്പൂരിലെ വോയ്സ് ടെക്നോളജി കമ്പനി കേരളത്തിൽ ആരംഭിക്കുന്ന കൊയാസിസ് കമ്പനിക്ക് ഇ-ഡ്രൈവിന്റെ സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ട്. ഉടൻ വിപണയിലെത്തുമെന്ന് ബാർട്ടൺഹില്ലിലെ അദ്ധ്യാപകൻ അനീഷ് കെ.ജോൺ പറഞ്ഞു. കഴിഞ്ഞവർഷം പാസ്‌ഔട്ട് ആയ മെക്കാനിക്കൽ വിദ്യാർത്ഥികളായ എ.അർജുൻ,ജയകൃഷ്ണൻ.സി,ഗൗതം സായ്‌കൃഷ്ണ,അപർണ ഗോവിന്ദ്,അവസാനവർഷ വിദ്യാർത്ഥി ആയുഷ് അരുൺ എന്നിവരാണ് ടീമിലുള്ളത്.

ഡോ.അനീഷ് കെ. ജോൺ,ഡോ.രാജീവ് രാജൻ,ഡോ.ദിനേശ് ഗോപിനാഥ്,ശ്രീകാന്ത്.പി എന്നീ അദ്ധ്യാപകരും എസ്.സി.ടിയിലെ ശ്രീലാൽ.എസ്,ഡോ.സ്മിത.വി,ഡോ.സുബിൻ സുകേശൻ,ഡോ.പ്രശാന്തകുമാർ ദാഷ്,കൃഷ്ണശർമ്മ.എസ്,ഡോ.അരുൺ അനിരുദ്ധൻ എന്നിവരും സഹായിച്ചു.