
ബാലരാമപുരം: നവരാത്രി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് വേളിമല കുമാരസ്വാമി, പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതി ദേവി, ശുചീന്ദ്രത്തെ മുത്തൂറ്റി നങ്ക മൂർത്തികളുടെ നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് കല്ലമ്പലം, ബാലരാമപുരം, പള്ളിച്ചൽ മേഖലയിൽ ഭക്തിപൂർവ സ്വീകരണം നൽകി. നെയ്യാറ്റിൻകരയിൽ നിന്ന് രാവിലെ ആരംഭിച്ച ഘോഷയാത്ര 9.30 ഓടെ ബാലരാമപുരത്തെ സ്വീകരണകേന്ദ്രത്തിൽ എത്തി. വരവേല്പ് നൽകാൻ അവകാശം നേടിയിട്ടുള്ള എം.സി സ്ട്രീറ്റിൽ രാജപ്പൻപിള്ളയുടെ കുടുംബമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. തലയൽ ശിവക്ഷേത്രം, ക്ഷേത്രസേവകശക്തി, ബാലരാമപുരത്തെ വ്യാപാരസ്ഥാപനങ്ങൾ എന്നിവരും സ്വീകരണമൊരുക്കിയിരുന്നു. ക്ഷേത്രസേവകശക്തിയുടെ നേതൃത്വത്തിൽ ബാലരാമപുരത്തും കൊടിനടയിലും പുഷ്പാഭിഷേകം നടന്നു. വഴിയോരങ്ങളിൽ ഭക്തർ തട്ടപ്പൂജയൊരുക്കി വരവേറ്റു. ബാലരാമപുരം എം.സി സ്ട്രീറ്റിൽ നവരാത്രി വിഗ്രഹങ്ങൾക്ക് അകമ്പടി സേവിച്ചവർക്ക് വിശ്രമവും പ്രഭാതഭക്ഷണവും ഒരുക്കി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നിർദ്ദേശപ്രകാരം വെള്ളറട, നെയ്യാറ്റിൻകര, ബാലരാമപുരം, നരുവാമൂട് എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ ഘോഷയാത്ര കടന്നുപോകാൻ ബാലരാമപുരത്ത് സുരക്ഷയൊരുക്കി. നൂറുകണക്കിന് ഭക്തർ നവരാത്രിവിഗ്രഹങ്ങളെ തൊഴുതുവണങ്ങാൻ ബാലരാമപുരത്ത് എത്തിയിരുന്നു.