general

ബാലരാമപുരം: കരമന -കളിയിക്കാവിള ദേശീയപാതയിലെ പ്രാവച്ചമ്പലം - അരിക്കടമുക്ക്- ഊരൂട്ടമ്പലം റോഡ് നവീകരണം അനിശ്ചിതത്വത്തിൽ. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും കരാറുകാരുടെ കെടുകാര്യസ്ഥതമൂലം അരിക്കടമുക്കിൽ അപകടങ്ങൾ പതിവാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡ് തകർന്ന നിലയിലാണുളളത്. റോഡിനിരുവശത്തേയും കുഴികൾ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. മഴപെയ്താൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയില്ല. അരിക്കടമൂക്ക് ജംഗ്ഷനിപ്പോൾ കുഴികളുടെ പറുദീസയായതിനാൽ കുഴിനട മുക്കെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ജൂലായിൽ റോഡ് നവീകരണമാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം - ഊരൂട്ടമ്പലം റോഡ് ഉപരോധിക്കുകയുണ്ടായി.

ഉറപ്പ് പാഴ്വാക്കായി

റോഡ് ഉടനടി നവീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാഴ്വാക്കായി.ആഴ്ചകൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി നാട്ടുകാർ പറഞ്ഞു.

പൈപ്പ്ലൈനിലെ വിള്ളൽ വിനയായി

റോഡ് പൊട്ടിപ്പൊളിയുന്നതിന്റെ പ്രധാന കാരണം അരിക്കടമുക്ക് പൈപ്പ്ലൈനിലെ വിള്ളലാണെന്നാണ് ആക്ഷേപം. മരാമത്ത് വകുപ്പും വാട്ടർ അതോറിട്ടിയും തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതിനാൽ ദുരിതം പേറുന്നത് നാട്ടുകാരാണ്. നാട്ടുകാർ നിരന്തരം പരാതി വിളിച്ചറിയിച്ചിട്ടും അധികൃതർ ആരും തന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.പൊതുപരിപാടികളുടെ ഭാഗമായും മറ്റും എം.എൽ.എ അടക്കമുള്ളവർ ഇതുവഴി നിത്യേന കടന്നുപോകാറുണ്ട്. കോൺഗ്രസ് പ്രവർത്തകർ സമരം ശക്തമാക്കിയതറിഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് എം.എൽ.എ നേരിൽ വിളിച്ച് അടിയന്തര പരിഹാരം കാണണമെന്ന് അധികൃതരെ അറിയിച്ചതും പാഴ്വാക്കായി.