തിരുവനന്തപുരം: വീടിന് പുറത്തിറങ്ങിയാൽ തെന്നി വീഴും,വണ്ടിയുമായി ഇറങ്ങിയാൽ ചെളിയിൽ പുതയും...ഇതാണ് കുറച്ച് ദിവസമായി കുമാരപുരം ശ്രീമൂലം റോഡിന്റെ അവസ്ഥ.സിറ്റി ഗ്യാസ് ലൈനിന് വേണ്ടി കുഴിയെടുത്തപ്പോഴുണ്ടായതാണ് ഈ അവസ്ഥ.രണ്ട് ദിവസമായി തലസ്ഥാനത്ത് പെയ്യുന്ന മഴയും കൂടിയായപ്പോൾ റോഡ് ചെളിക്കുളമായി.
രണ്ട് ദിവസം കൊണ്ട് അഞ്ചോളം വാഹനങ്ങൾ ഇവിടുത്തെ ചെളിയിൽ ആഴത്തിൽ പുതഞ്ഞു.പൈപ്പ് ലൈനിനായി എടുത്ത കുഴികൾ കൃത്യമായി മൂടാത്തതാണ് ദുരിതത്തിന് കാരണം. റോഡിന്റെ വശത്ത് താമസിക്കുന്ന 40 ഓളം വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്.ഇനിയൊരു മഴ കൂടി പെയ്താൽ റോഡിന്റെ അവസ്ഥ കൂടുതൽ മോശമാകും.സമീപത്തെ ബർമാ റോഡും കുഴിച്ചിട്ട് കൃത്യമായി മൂടാത്തതിനാൽ അവിടെയും സമാന അവസ്ഥയാണ്.
കാൽനടയ്ക്ക് പോലും സർക്കസ് കാട്ടണം
വാഹനങ്ങൾ പുതയുന്നത് മാത്രമല്ല കാൽനടയാത്രപോലും ഇവിടെ സാഹസമാണ്.സൂക്ഷിച്ച് ഓരോ ചുവടും വച്ചില്ലെങ്കിൽ ചെളിയിൽ തെന്നിവീഴും.റോഡിന്റെ ഒരു വശത്ത് കൂടി പോകാമെന്നു വച്ചാൽ ആഴത്തിലുള്ള ചെളിയിൽ പുതയും.കഴിഞ്ഞ ദിവസം കാൽനടക്കാരൻ തെന്നി വീണ സംഭവവുമുണ്ടായി. ഇരുചക്രവാഹന യാത്രക്കാരും തെന്നിവീഴുമെന്ന ഭയത്തിൽ വാഹനമോടിക്കാൻ മടിക്കുകയാണ്.റോഡ് മുഴുവനായി പൊളിച്ചതിനാൽ മറ്റ് വഴികളുടെയും അവസ്ഥ ഇതുതന്നെയാണ്.അതുവഴിയും പോകാനാവില്ല.
അത്യാഹിതമുണ്ടായാലും
പെട്ടെന്ന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ആശുപത്രിയിൽ പോകാൻ പോലും പെടാപ്പാടായിരിക്കും.വീടിനു മുന്നിൽ വാഹനങ്ങളെത്താത്ത സ്ഥിതിയാണ്.ഓട്ടോക്കാർക്കും ഇതുവഴി വരാൻ മടിയാണ്.വാഹനങ്ങൾ വീടുകളിലെത്തിക്കാതെ പലരും കുമാരപുരത്തെ പ്രധാന റോഡുകളിലിടേണ്ട അവസ്ഥയാണ്.
കൃത്യമായി മൂടിയിട്ടില്ല
റോഡിന്റെ രണ്ട് വശത്താണ് കുഴിയെടുത്തതെങ്കിലും റോഡ് പൂർണായി തകർന്നു.ഇനി നല്ല രീതിയിൽ കുഴി മൂടി ലെവൽ ചെയ്താലേ വാഹന, കാൽനട യാത്രകൾ അല്പമെങ്കിലും സുഗമമാകൂ.
ടാറിംഗ് നീളും
പൈപ്പ് ലൈനിന്റെ പണികൾ മുഴുവനായി തീരാനായി ഒരു മാസമെങ്കിലും എടുക്കുമെന്നാണ് അധികൃതർ പറയുന്നത്.ഇതുകഴിഞ്ഞാൽ മാത്രമേ നഗരസഭാ തലത്തിൽ റോഡ് ടാർ ചെയ്യൂ.നിലവിൽ ഒരു വശത്ത് ഗ്യാസിന്റെ വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.എതിർവശത്ത് പകുതിയായി.ഇതുകഴിഞ്ഞാൽ വീടുകളിൽ കണക്ഷൻ കൊടുക്കുന്ന ജോലിയും ബാക്കിയുണ്ട്.
വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.മുഴുവൻ ചെളിക്കുളമാണ്.വാഹനങ്ങൾ പുതഞ്ഞു പോകുന്നു,കാൽനടയാത്രക്കാർ തെന്നി വീഴുന്നു.ഇതിന് പരിഹാരം വേണം.
പ്രദേശവാസികൾ
മഴ പെയ്തതതിനാൽ ജോലി നിറുത്തിവച്ചു.പെട്ടെന്ന് ചെളിയാകുന്ന മണ്ണാണ്.വേണ്ട നടപടികൾ സ്വീകരിക്കും.മഴ മാറിയാൽ ജോലികൾ വേഗത്തിലാക്കും.
സിറ്റി ഗ്യാസ് ലൈൻ അധികൃതർ