കാട്ടാക്കട: കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസിന് മഠത്തിക്കോണത്ത് പുതിയ കെട്ടിടം തറക്കല്ലിടൽ നടന്നു. അരക്കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.

എന്നാൽ ഇവിടം പൂർവികരിൽ നിന്നും കൈമാറ്റം ചെയ്തതും ബിന്ദു മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ളതുമായ അഞ്ച് സെന്റോളം വസ്തു ചിലരുടെ ഒത്താശയോടെ സർക്കാർ ഭൂമിയാക്കിയാണ് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ പോകുന്നതെന്നാണ് വസ്തുവിന്റെ ഉടമ പറയുന്നത്.തങ്ങളുടെ അറിവില്ലാതെ പ്രസ്തുത പുരയിടത്തിലെ പ്രവൃത്തികൾ പാടില്ലെന്ന് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങിയിട്ടുമുണ്ട്. ഒരു പാർട്ടി ഓഫീസിനായി സ്ഥലം വിട്ടു നൽകാത്തതും ഭീമമായ ഫണ്ട് ചോദിക്കുന്നതും നൽകാത്തതും കാരണമാണ് ഇപ്പോൾ തങ്ങളെ ദ്രോഹിക്കുന്നതെന്ന് മോഹൻദാസും ഭാര്യയും പറയുന്നു.

വീരണകാവ് വില്ലേജ്

ജീർണ്ണാവസ്ഥയിലായിരുന്ന വീരണകാവ് വില്ലേജ് ഓഫീസ് മന്ദിരം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പൊളിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്.പരുത്തിപ്പള്ളി തേമ്പാമൂട് മുതൽ കാട്ടാക്കട കോളേജ് ജംഗ്ഷൻ വരെയുള്ളതാണ് വീരണകാവ് വില്ലേജ്. ജനങ്ങളുടെ സൗകര്യവും ഭരണസൗകര്യവും വീരണകാവ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നിടത്താണ്. വില്ലേജ് ഓഫീസിനോട് ചേർന്നാണ് കാട്ടാക്കട മിനിസിവിൽ സ്റ്റേഷനും. സിവിൽ സ്റ്റേഷനിലാണ് താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർഓഫീസ്,സിവിൽ സപ്ലൈസ് ഓഫീസ്,എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയവയും പ്രവർത്തിക്കുന്നത്.

വില്ലേജ് ഓഫീസ് മാറ്റുന്നതിൽ പ്രതിഷേധം
അരനൂറ്റാണ്ടിലേറെയായി കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന് മുന്നിലായി പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസ് മാറ്റുന്നതിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ്.നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന ഭൂമി പെരുംകുളം വില്ലേജിലാണെന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ നേതൃത്വം നൽകുന്നവരുടെ വിശദീകരണം. ഓഫീസ് മാറ്റനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്നിയോട്,തേവൻകോട്, തേമ്പാമൂട്,പരുത്തിപ്പള്ളി,പേഴുംമൂട്, പൂവച്ചൽ,പുന്നാംകരിക്കകം,കാട്ടാക്കട,എസ്.എൻ നഗർ പ്രദേശത്തുള്ള നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് സമരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.