sabarimala

കോടിക്കണക്കിനു ഭക്തർക്ക് ആശ്വാസമരുളുന്ന ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം വീണ്ടുമൊരു തീർത്ഥാടന കാലത്തിന് ഒരുങ്ങുകയാണ്. ഓരോ വർഷം കഴിയുന്തോറും തീർത്ഥാടകരുടെ സംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരിമിതികളാൽ വീർപ്പുമുട്ടുകയാണ് അവിടം. വനമദ്ധ്യേ സ്ഥിതിചെയ്യുന്ന ക്ഷേത്രമാകയാൽ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഒട്ടേറെ നിയമ തടസങ്ങളുണ്ട്. ആവശ്യമായ ഭൂമി ലഭിക്കാനുള്ള തടസങ്ങളാണ് പ്രധാന പ്രശ്നം. ഏറെ ക്ളേശങ്ങൾ സഹിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ശബരിമലയിലെത്തുന്ന ഭക്തരിൽ പലർക്കും നേരെചൊവ്വേ അയ്യപ്പവിഗ്രഹം കണ്ട് ഒരു നിമിഷനേരമെങ്കിലും കൈകൂപ്പി പ്രാർത്ഥിക്കാനുള്ള അവസരം ലഭിക്കാറില്ലെന്നത് യാഥാർത്ഥ്യമാണ്. ഓരോ തീർത്ഥാടനകാലം സമാപിക്കുമ്പോഴും അടുത്ത വർഷം മുതൽ ഫലപ്രദമായ ഏർപ്പാടുകൾ ചെയ്യുമെന്ന പ്രഖ്യാപനങ്ങൾ വരാറുണ്ട്.

എന്നാൽ രാജ്യത്തു തന്നെയുള്ള ഇതുപോലെ കോടാനുകോടി ആളുകൾ വന്നെത്തുന്ന മഹാക്ഷേത്രങ്ങളിലുള്ളതുപോലെ തിരക്കു നിയന്ത്രിച്ച്, വന്നെത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കുന്ന കുറ്റമറ്റ ഒരു സംവിധാനം ശബരിമലയിൽ ഇതുവരെ കൊണ്ടുവരാൻ അധികൃതർക്കു സാധിച്ചിട്ടില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. പതിനെട്ടാം പടി ചവിട്ടി സന്നിധിയിലെത്തുന്ന ഭക്തർക്ക് നേരെ ദർശന സൗകര്യമൊരുക്കാനുള്ള പുതിയൊരു സംവിധാനത്തെക്കുറിച്ച് ദേവസ്വം ബോർഡ് ആലോചിച്ചുവരികയാണ്. കൊടിമരത്തിന് ഇരുവശത്തുനിന്നും പടികയറി സന്നിധാനത്തെത്തുന്നവരെ ഫ്ളൈഓവറിലേക്കു കടത്തിവിട്ട് ദീർഘനേരം കാത്തുനിൽക്കുന്ന സാഹ്യചര്യം സൃഷ്ടിക്കാതെ ദർശനം സാദ്ധ്യമാക്കുന്ന തരത്തിൽ ഏർപ്പാടുണ്ടാക്കാനാണ് ആലോചിക്കുന്നത്. വരുന്ന മാസപൂജക്കാലത്ത് ഈ സംവിധാനം പരീക്ഷിച്ച് ഉറപ്പുവരുത്തും. വിജയമെന്നു തെളിഞ്ഞാൽ അടുത്ത വർഷത്തെ മണ്ഡല - മകരവിളക്കുകാലത്ത് പൂർണമായും പുതിയ സംവിധാനം നടപ്പിലാക്കും. ഫ്ളൈഓവറിൽ ദർശന ഊഴം കാത്ത് അനന്തമായി നിൽക്കേണ്ടിവരുന്ന കഠിനയാതനയ്ക്ക് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ സംവിധാനം ആലോചിക്കുന്നത്.

മുൻപും ഇതുപോലുള്ള പരിഷ്കാരങ്ങൾ സജീവ ചർച്ചയ്ക്കും ആലോചനയ്ക്കും വിഷയമായതാണെങ്കിലും ഖണ്ഡിതമായ തീരുമാനത്തിലെത്താതെ പോവുകയായിരുന്നു. ഇപ്പോഴത്തെ ആലോചന തന്നെ കുറച്ചു മുമ്പേ തുടങ്ങിയിരുന്നുവെങ്കിൽ ആസന്നമായ തീർത്ഥാടന കാലത്തുതന്നെ പരീക്ഷിക്കാമായിരുന്നു. അയ്യപ്പദർശനം കഴിയുന്ന ഭക്തരെ നേരെ മാളികപ്പുറത്തേക്ക് തിരിച്ചുവിടാൻ പാകത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. മറ്റു മഹാക്ഷേത്രങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ നിശ്ചിത കാലയളവിൽ മാത്രമാണ് ഭക്തർ എത്താറുള്ളത്. തീർത്ഥാടന കാലത്തെ വലിയ തിരക്കിനുള്ള കാരണവും അതാണ്. വർഷങ്ങളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനും തടസങ്ങളുണ്ട്. നിലവിലുള്ള സാഹചര്യങ്ങളിൽ എത്രകണ്ട് സൗകര്യം വർദ്ധിപ്പിച്ചു നൽകാനാകുമെന്നാണ് നോക്കേണ്ടത്. വൃശ്ചികം ഒന്നിന് പുതിയ തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ മരാമത്തു പണികളുൾപ്പെടെ കാര്യങ്ങൾ പൂർത്തിയാക്കാൻ നല്ല ഓട്ടം തന്നെ വേണ്ടിവരും.

കനത്ത മഴയിൽ പലേടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴ വിട്ടുമാറാതെ നിൽക്കുന്നതിനാൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തടസമുണ്ടാവുക സ്വാഭാവികം. എളുപ്പം കേടുപാടുകൾ പറ്റാത്ത തരത്തിൽ റോഡുകൾ പുനർനിർമ്മിക്കുക മാത്രമാണ് പോംവഴി. ഓരോ വർഷവും കോടാനുകോടികൾ മുടക്കിയിട്ടും എല്ലാ സീസണിലും റോഡുനിർമ്മാണത്തിനായി വലിയ സംഖ്യ ചെലവഴിക്കേണ്ടിവരുന്നത് ഗുണനിലവാരമില്ലാത്ത പണിയായതു കൊണ്ടാണ്. കൂടുതൽ ആക്ഷേപങ്ങൾക്കിടയില്ലാത്ത തരത്തിൽ ശബരിമലയിലും പമ്പയിലും നിലയ്ക്കലും മറ്റും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി എടുക്കാവുന്നതാണ്. മുമ്പിൽ അധിക സമയമില്ലെന്ന് ഓർമ്മിക്കണം. പമ്പയിൽ നിന്ന് സന്നിധാനത്തെത്തുന്ന ഭക്തർക്ക് വിരിവച്ച് വിശ്രമിക്കാൻ ഇനിയും സ്ഥലസൗകര്യങ്ങൾ ആവശ്യമാണ്. നടപ്പന്തൽ രണ്ടു തട്ടാക്കുന്ന കാര്യത്തിൽ ആലോചന നടക്കുന്നതേയുള്ളൂ. മെല്ലെ തീരുമാനമെടുക്കേണ്ട കാര്യമല്ല ഇതൊന്നും.