വെഞ്ഞാറമൂട്: അവഗണനയുടെ കരിപുരണ്ട് മൺപാത്ര നിർമ്മാണ മേഖല. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാത്രങ്ങളുടെ വരവും ഈ മേഖലയെ തകർത്തു. ഓണക്കാലത്തുൾപ്പെടെ ലോഡുകണക്കിന് മൺപാത്രങ്ങൾ കയറ്റിവിട്ടിരുന്ന പ്രദേശങ്ങളിൽ പേരിന് പോലുമിപ്പോൾ നിർമ്മാണമില്ല. അടുക്കളയിൽ വേവുന്ന കറികൾക്ക് മുതൽ പൂന്തോട്ടത്തിൽ വിരിയുന്ന പൂക്കൾക്കുവരെ ഇടമൊരുക്കിയ മൺചട്ടി, കലങ്ങൾ, കൂജ, കരകൗശല വസ്തുക്കൾ എന്നിവയൊക്കെ നിർമ്മിച്ചിരുന്ന ചൂള അടുപ്പുകളിലെ കനൽ കെട്ടിട്ട് കാലങ്ങളായെന്നുപറയാം. മുമ്പ് പ്രദേശത്തെ നിരവധി വീടുകളിലെ ചൂളകളിൽ പാത്രനിർമ്മാണം നടന്നിരുന്നു. എന്നാലിപ്പോൾ നിർമ്മാണം നാമമാത്രമായി. കൊടുവഴന്നൂർ, ഭരതന്നൂർ, പേടികുളം മേഖലകളിൽ നിരവധി കുടുംബങ്ങൾ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. എന്നാലിന്ന് തമിഴ്നാട്ടിൽ നിന്നാണ് മൺപാത്രങ്ങളേറെയും കേരളത്തിലെത്തുന്നത്. നാഗർകോവിലിലെ ചുണ്ണാങ്കട, തെങ്കാശിയിലെ തേൻപറ്റ എന്നിവിടങ്ങളിൽ വൻതോതിൽ മൺപാത്രങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. അവിടെ സൊസൈറ്റിയും സർക്കാരും മേഖലയ്ക്ക് വൻ പ്രോത്സാഹനമാണ് നൽകുന്നത്.

അസംസ്കൃത വസ്തുക്കളുടെ ലഭ്യത

കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലെ പ്രധാന പ്രതിസന്ധിക്ക് കാരണം. ഭൂമിയുടെ തരംതിരിവിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും കളിമണ്ണ് എടുക്കരുതെന്നാണ് വ്യവസ്ഥ. പറമ്പുകളിൽ നിന്നെടുക്കാമെങ്കിലും അത്തരം മണ്ണ് മൺപാത്ര നിർമ്മാണത്തിന് പറ്റിയതല്ല. വയലുകളിലെ കളിമണ്ണാണ് യോജിച്ചത്. അതും എടുക്കാൻ കഴിയില്ല. മിക്കയിടങ്ങളിലും പാത്ര നിർമ്മാണത്തിന് വേണ്ടത്ര യന്ത്രമില്ല. പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നാണ് 50,000 രൂപ സബ്സിഡിയോടെ ഇതനുവദിക്കാറുള്ളത്. അപേക്ഷിച്ചവർ പലരും ഇന്നും കാത്തിരിപ്പിലാണ്. മൺപാത്ര നിർമ്മാണം പരമ്പരാഗത വ്യവസായമായി അംഗീകരിക്കാത്തതിനാലും ഇവർക്കായി പ്രത്യേക തൊഴിൽ സംഘടന ഇല്ലാത്തതിനാലും മൺപാത്ര വിപണനത്തിന് പ്രത്യേക സംവിധാനങ്ങളില്ല. ചെടിച്ചട്ടികളും അലങ്കാരച്ചട്ടികളും അത്യാവശ്യം വില്പനയുണ്ടായിരുന്നിടത്ത് പ്ലാസ്റ്റിക്ക് ചെടിച്ചട്ടികളുടെ കടന്നുവരവും ഈ മേഖലയെ ദുരിതത്തിലാക്കി.