തിരുവനന്തപുരം: പൊള്ളുന്ന വെയിലിലും ജില്ലാ അത്‌ലറ്റിക്സിന്റെ വാശിയേറിയ രണ്ടാം ദിനം മൈലം ജി. വി.രാജ സ്‌പോർട്സ് സ്‌കൂളിന്റെ തേരോട്ടം. 182 ഇനങ്ങൾ പൂർത്തിയായപ്പോൾ 204 പോയിന്റുമായി ജി.വി. രാജ മുന്നിലാണ്. 96 പോയിന്റുമായി യൂണിവേഴ്സിറ്റി സ്‌പോർട്സ് ഹോസ്റ്റലാണ് രണ്ടാമത്. വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂൾ 59 പോയിന്റുമായി മൂന്നാമതുണ്ട്. എൽ.എൻ.സി.പി.ഇ (28), ഡി.എസ്.എ ആറ്റിങ്ങൽ (27), എൻ.സി.ഒ.ഇ (24) എന്നിവരാണ് തൊട്ടു പിന്നിൽ.
അണ്ടർ 20, 18, 16 വിഭാഗം ദീർഘദൂര ഓട്ടമത്സരങ്ങളും ഹൈജംപ്, ലോംഗ് ജംപ്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ, ഷോട്ട് പുട്ട്, റിലേ മത്സരങ്ങളുമാണ് പ്രാധാനമായും രണ്ടാം ദിനം നടന്നത്. 145 ഇനങ്ങൾ സമാപനമായ ഇന്ന് നടക്കും. രാവിലെ 6.30ന് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4.30ന് സമാപന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ സമ്മാനങ്ങൾ വിതരണം ചെയ്യും.
. ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് 10 മുതൽ 13 വരെ മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം. 28 മുതൽ ഭുവനേശ്വറിലാണ് ദേശീയ ചാമ്പ്യൻഷിപ്പ്.

അമ്മയുടെ സ്വപ്നച്ചിറകിൽ മക്കൾ

അമ്മയുടെ സ്വപ്നച്ചിറകിൽ പറന്നുയരാൻ മുന്നിട്ട് നിൽക്കുന്ന മക്കളാണ് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ രോഹിത്തും അലീനയും. അമ്മ ഷെർളി ജോൺ മുൻ ജാവലിൻ താരമാണ്. വിവിധ കാരണങ്ങളാൽ കായികമോഹം മുന്നോട്ട് കൊണ്ടുപോകാനായില്ല. മകൻ ആർ.എസ്. രോഹിത് 1500 മീറ്റർ, 800 മീറ്റർ മത്സരത്തിൽ ഒന്നാമതെത്തി അമ്മക്ക് സന്തോഷച്ചിരി നൽകിയപ്പോൾ മകൾ ആർ.എസ്. അലീന, ഷെർളിയുടെ ഇഷ്ട ഇനമായിരുന്ന ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി.
കേരള യൂണിവേഴ്സിറ്റി സ്‌പോർട്സ് ഹോസ്റ്റലിനെ പ്രതിനിധീകരിച്ചാണ് രോഹിത് മത്സരിച്ചത്. ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. കാര്യവട്ടം സായ് എൽ.എൻ.സി.പിയുടെ താരമാണ് അലീന.ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ കൂടിയാണ് ഷെർളി. അച്ഛൻ രാജൻ.വട്ടിയൂർക്കാവ് സ്വദേശികളാണ്.

പരിക്കിൽ നിന്ന് ഉയർന്ന്

പരിക്കിൽ വീണെങ്കിലും ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനം എറിഞ്ഞിട്ട് തിരിച്ചു വരവ് ഗംഭീരമാക്കി വി ബി ഗാദ. കഴിഞ്ഞ രണ്ടു തവണയും പരിക്കിനെ തുടർന്ന് മത്സരിക്കാനായിരുന്നില്ല. യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. പ്രാവച്ചമ്പലം സ്വദേശി ബിജുവിന്റെയും വിനീതയുടെയും മകളാണ്.

എം. ആനി

ഇത്തവണ ഇരട്ട വിജയം നേടിയാണ് കഴിഞ്ഞ രണ്ടു തവണയും മത്സരിക്കാൻ കഴിയാതെ പോയതിന്റെ നിരാശ എം. ആനി മാറ്റിയത്.കാൽക്കുഴയുടെ പരിക്കായിരുന്നു അന്ന് വില്ലൻ. ഇത്തവണ പെൺകുട്ടികളുടെ 800 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തി. മൂന്നാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്. കൊല്ലം കുരീപ്പുഴ സ്വദേശിനി.

നീരജ് ചോപ്രയെ ധ്യാനിച്ച് ഒറ്റയേറ്

ഓരോ ഏറിലും പുതിയ ദൂരം തേടുമ്പോൾ പ്രചോദനമായി നീരജ് ചോപ്രയെ കാണുന്നവരാണ് സാന്ദ്രയും അനന്തനും. ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുവരും ഒന്നാം സ്ഥാനം സ്വന്തമാക്കി. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലാണ് എം. സാന്ദ്ര മത്സരിച്ചത്. സ്‌കൂൾ കായികമേളകളിലും ജാവലിനിൽ താരമാണ് സാന്ദ്ര. കണ്ണൂർ സ്വദേശിനിയാണ്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിലാണ് ബി. അനന്തൻ മത്സരിച്ചത്. കാട്ടാക്കട സ്വദേശിയാണ്. ഇരുവരും ജി.വി. രാജ സ്‌പോർട്സ് സ്‌കൂളിന്റെ താരങ്ങൾ.