തിരുവനന്തപുരം: ഉദ്യോഗസ്ഥ അലംഭാവത്തിൽ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി

(പി.എം.എ.വൈ) പ്രകാരം ലഭിക്കേണ്ട വീട് നിഷേധിച്ചു. ആദ്യം പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തെറ്റായ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ ധനസഹായം ലഭിച്ചില്ല.പിശക് തിരുത്തി ധനസഹായം അനുവദിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും അതും പാലിച്ചില്ല. കല്ലറ ചെറുവാളം ആൻസി ഭവനിൽ മനിലയാണ് ഓഫീസുകൾ കയറിയിറങ്ങി വഴിമുട്ടി നിൽക്കുന്നത്.

13വർഷമായി വീടിനായി ശ്രമിക്കുന്ന മനില കല്ലറ ഗ്രാമപഞ്ചായത്തിലെ 2022-23ലെ പി.എം.എ.വൈ ഗുണഭോക്തൃ ലിസ്റ്റിലാണ് ഉൾപ്പെട്ടത്.അന്തിമ ലിസ്റ്റ് സോഫ്ട്‌വെയറിന്റെ സഹായത്തോടെ സീനിയോറിട്ടി നിശ്ചയിച്ചപ്പോൾ പൊതുവിഭാഗത്തിൽ നിന്ന് മനില എസ്.സി വിഭാഗത്തിലായി. പണം അനുവദിക്കുന്നതിന് മുമ്പ് ഈ പിശക് തിരുത്തി ഇവരെ യഥാർത്ഥ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉത്തരവുകളുണ്ട്. ഇതറിയാവുന്നതിനാൽ ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഇവരുടെ കരാർ തയ്യാറാക്കാനായി വാമനപുരം ബ്ലോക്കിലേക്കയച്ചു. ബ്ലോക്കിലെ ഹൗസിംഗ് വിഭാഗത്തിലെ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മുമ്പാകെ 2022സെപ്തംബർ 20ന് കരാർ ഒപ്പിട്ടു. ഉദ്യോഗസ്ഥർ പിശക് തിരുത്താൻ ശ്രമിച്ചില്ല.നാലുമാസങ്ങൾക്ക് ശേഷം ആദ്യ ഗഡു എപ്പോൾ കിട്ടുമെന്നറിയാൻ ബ്ലോക്കിലെത്തിയപ്പോഴാണ് അപേക്ഷ നിരസിച്ചതായി മറുപടി നൽകിയത്. പിന്നാലെ മനില പലതവണ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തതിനാലാണ് പി.എം.എ.വൈ ഓംബുഡ്സ്മാന് പരാതി നൽകി. ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയതോടെ ഗുണഭോക്താവിന് അനുകൂലമായി 2023 ജൂൺ 19ന് ഉത്തരവ് നൽകി. ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റിൽ നിന്ന് പെർമനന്റ് ഡിലീറ്റാക്കിയിരിക്കുകയാണ്.ഇപ്പോൾ സഹോദരങ്ങളുടെ വീട്ടിലാണ് മനില ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയുന്നത്.

പോംവഴിയും തടസവും

പെർമനന്റ് ഡിലീറ്റാക്കിയ ഗുണഭോക്താവിന്റെ പേര് ലിസ്റ്റിൽ പുനഃസ്ഥാപിക്കാൻ പോംവഴിയുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ മുഖേന തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം.

പ്രിൻസിപ്പൽ ഡയറക്ടർ എൻ.ഐ.എസിക്ക് നിർദ്ദേശം നൽകണം.

അങ്ങനെ ചെയ്താൽ പെർമനന്റ് ഡിലീറ്റാക്കാനുണ്ടായ ചെയ്യാനുണ്ടായ സാഹചര്യം മേലുദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തണം.

ഈഘട്ടത്തിൽ അർഹയായ ഗുണഭോതാവിനെ ഒഴിവാക്കിയ ഉദ്യോഗസ്ഥർ മറുപടി നൽകണം.

ഈ സാഹചര്യങ്ങൾ ഒഴിവാക്കിയ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഗുണഭോക്താവിനെ തഴയുന്നത്