thomas-cherian

തിരുവനന്തപുരം: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് മരണപ്പെട്ട പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പൂർണ സൈനിക ബഹുമതികളോടെയാണ് ശംഖുംമുഖത്തെ എയർഫോഴ്സ് സ്റ്റേഷനിൽ മൃതദേഹം ഏറ്റുവാങ്ങിയത്. പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ, ശംഖുംമുഖം എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ,മന്ത്രിമാർ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി,ആരോഗ്യമന്ത്രി വീണാ ജോർജ്,പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി,ശംഖുംമുഖം എയർ ഫോഴ്സ് സ്റ്റേഷൻ കമാൻഡർ
ഗ്രൂപ്പ് ക്യാപ്ടൻ ടി.എൻ. മണികണ്ഠൻ,ജില്ലാ കളക്ടർ അനു കുമാരി,കരസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. പാങ്ങോട് സൈനികാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിൽ സംസ്കരിക്കും.

ചണ്ഡീഗഡിലെ കരസേന ബേസ് ക്യാമ്പിൽ എത്തിച്ച മൃതദേഹം അവിടെ സൈനിക ആദരവ് നൽകിയ ശേഷമാണ് നാട്ടിലേക്ക് എത്തിച്ചത്. 1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താേംഗ് പാസിൽ വച്ച് തോമസ് ചെറിയാൻ അടക്കം 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒൻപതുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ.