തിരുവനന്തപുരം: വന്യജീവിആക്രമണം ചെറുക്കാനുള്ള നടപടികൾ ഫലപ്രദമാകുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനവാസമേഖലയിൽ വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്ന പൊതുജനങ്ങളുടെ സമീപനം മാറിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മാനവീയം വീഥിയിൽ 8 വരെ നടത്തുന്ന വനോത്പന്ന- ഭക്ഷണ- സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രൈബൽ ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളുവും കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും നിർവ്വഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വനംമേധാവി ഗംഗാസിംഗ്, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ.പി. പുകഴേന്തി, ഡോ.എൽ. ചന്ദ്രശേഖർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.